Friday, October 06, 2006

മാമ്പഴക്കാലം

കുട്ടിക്കാലം മുതലേ എന്റെ ജീവിതത്തിലെ 2 പ്രധാന ബലഹീനതകള്‍ ഒന്നു ക്രിക്കറ്റും രണ്ട്‌ മുസ്ലിം ഹോട്ടലുകളിലെ പൊറോട്ടയുമായിരുന്നു. ഈ രണ്ടു സംഗതിക്കും പണം ഒരു അത്യാവശ്യ ഘടകമായിരുന്നതിനാല്‍ ധനസമ്പാദനം എന്റെ പ്രഖ്യാപിത ജീവിത ലക്ഷ്യമായിത്തീര്‍ന്നു.

വീട്ടുകാര്‍ പോക്കറ്റ്‌ മണി തന്നിരുന്നില്ല,എന്നല്ല ഇതിനര്‍ത്ഥം. തന്നിരുന്നു, എണ്‍പതുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട കൗമാരത്തിന്‌ അറുപതുകളിലെ കാശ്‌! കുട്ട്യേ നിന്റെ പ്രായത്തില്‌ എനിക്കീ പൈസ കിട്ടീരുന്നുവെങ്കില്‌ തുടങ്ങിയ ജല്‍പനങ്ങള്‍ വേറെ, കാലം മാറിയിട്ടും കോലം മാറാത്ത അപരിഷ്ക്രിതരെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട്‌ ഞാനാ നാലണ പോക്കറ്റിലിടും.

ഇതേ രീതിയില്‍ മാതാപിതാക്കളാല്‍ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരുന്ന ഒരു ജനത എന്റെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നതിനാല്‍ എനിക്കു സമാന മനസ്‌ക്കരെ കണ്ടെത്താന്‍ അല്‍പം പോലും പ്രയാസപ്പെടേണ്ടി വന്നില്ല. അതില്‍ പ്രധാനി അമ്മയുടെ അമ്മാവന്റെ മകനും എന്നെക്കാള്‍ 4-5 വയസ്സിനു മേല്‍ മൂപ്പുമുള്ള മോഹനേട്ടനായിരുന്നു. മോഹനേട്ടന്‌, ഞാന്‍ നേരത്തെ പ്രസ്താവിച്ച ബലഹീനതകള്‍ കൂടാതെ അദ്ദേഹത്തിന്റെ പ്രായം അടിച്ചേല്‍പ്പിച്ച മറ്റൊരു ബലഹീനതയും ഉണ്ടായിരുന്നു.('ഏ' സിനിമ കാണല്‍).

അക്കാലത്തു ഞങ്ങളുടെ നാട്ടില്‍ കളികളുടെ കാര്യത്തില്‍ ചില ട്രേന്‍ഡ്‌ സെറ്ററുകള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌ ഓണക്കാലത്ത്‌ എല്ലാ ആണ്‍കുട്ടികളും പമ്പരമാണു കളിക്കുക.രണ്ടു മാസത്തെ വേനലവധി മാമ്പഴക്കാലവും ആയതിനാല്‍ മിക്ക ആണ്‍കുട്ടികള്‍ക്കും കവണ(തെറ്റാലി,കറ്റാപുല്‍ട്‌ എന്നു ആഗലേയത്തില്‍) ഒരു ഹരമായിരുന്നു.

ഞങ്ങളിങ്ങനെ നിത്യവൃത്തിക്കു ഗതിയില്ലാതിരുന്ന ഒരു സന്ദര്‍ഭത്തിലാണ്‌ മോഹനേട്ടന്‍ കവണ ഉണ്ടാക്കുന്ന കല സ്വായത്തമാക്കുന്നത്‌. അദ്ദേഹത്തിന്റെ ആദ്യ ഉപഭോക്താവിനെ എന്നില്‍ കണ്ടെത്തുകയും, എന്റെ ഒരു രൂപ അദ്ദേഹത്തിന്റെ പോക്കറ്റിലാവുകയും ചെയ്തു. ഞാന്‍ നോക്കിയപ്പൊള്‍ നല്ല രൂപകല്‍പ്പന,ഒരു കുഴപ്പം മാത്രം, മാങ്ങക്കുന്നം വെച്ചാല്‍ മാവിലാണു തട്ടുന്നത്‌. ഇദെദാപ്പത്‌, ഉന്നം മാത്രം ശരിയാവുന്നില്ലല്ലൊ മോഹനേട്ടാ എന്നു ഞാന്‍ പറഞ്ഞപ്പൊള്‍, എടാ, അതു കവണേടെ കുഴപ്പല്ല,നിന്റെ കുഴപ്പാണെന്നു പറഞ്ഞു എന്നെ സമാധാനിപ്പിച്ചു. മോഹനേട്ടന്‍ പറഞ്ഞ പ്രകാരം ഞാന്‍ ധാരാളം പ്രാക്റ്റിസ്‌ ചെയ്തു നടന്നു.

ഏതായാലും ഈ കവണ മറ്റു കുട്ടികളെ മോഹിപ്പിച്ചു.ഞാന്‍ പെട്ടെന്ന് ഇതു വാണിജ്യാടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കി.മോഹനേട്ടനും അതു ബോധ്യപ്പെട്ടു.കവണ നിര്‍മ്മാണത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യത്തം സ്വീകരിച്ചു.അസംസ്‌ക്രിത വസ്തുക്കള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചായി ഞങ്ങളുടെ അടുത്ത ആലോചന.

കാറിന്റെയോ,സൈക്കിളിന്റെയോ ടയറിന്റെ ട്യൂബാണ്‌ പ്രധാനം.കൂടാതെ കല്ല് പിടിക്കുന്ന ഭാഗത്ത്‌ തുകലും, ആദ്യത്തെത്‌ ഉടന്‍ സംഘടിപ്പിച്ചെങ്കിലും തുകല്‍ ലഭിക്കാന്‍ പ്രായോഗിക വൈഷമ്യം നേരിട്ടു.അവസാനം ഞങ്ങളുടെ വീട്ടിലെ സോഫയുടെ പിന്നാമ്പ്ര്ത്തെ ടാര്‍പോളിന്‍ വെട്ടിയിടുക്കാന്‍ തീരുമാനിച്ചു.(ആരുക്ക്‌ പോയി? അല്ല പിന്നെ).

താമസിച്ചില്ല, മോഹനേട്ടന്റെ വീട്ടിനു പിന്നിലെ ചായ്പ്‌ ഞങ്ങളുടെ പണിപ്പുരയായി. 3-4 ദിവസത്തെ അശ്രാന്ത പരിശ്രമം കൊണ്ട്‌ നാല്‍പ്പതില്‍ പരം കവണകള്‍ ഉണ്ടാക്കിയെടുത്തു. കവണകള്‍ നിരനിരയായി നില്‍ക്കുന്ന കാഴ്ച കണ്ടവര്‍ കണ്ടവര്‍ പ്രശംസിച്ചു. ഞങ്ങള്‍ അഭിമാനവൃജ്രംഭിതരായി.നാടോടിക്കാറ്റിലെ ദാസന്‍ വിജയനോട്‌ പശുക്കളെ വാങ്ങിയ ശേഷം പറയുന്ന ഡയലോഗ്‌ പരസ്പരം പറഞ്ഞു.

കണക്കു കൂട്ടിയ പോലെ തന്നെ എല്ലാ കുട്ടികള്‍ക്കും ഞങ്ങളുടെ കവണകള്‍ വളരെയധികം ഇഷ്ടപ്പെട്ടു.ഒരു രൂപക്ക്‌ കവണ വാങ്ങാന്‍ അവര്‍ തടിച്ചുകൂടി.ആദ്യത്തെ വില്‍പ്പനക്കു ശേഷം ഞങ്ങള്‍ വില കുത്തനെ ഉയര്‍ത്തി.രണ്ടു രൂപ പോലും അത്ര വലിയ തുകയല്ലെന്നും അച്‌ഛനോട്‌ ഇപ്പ വാങ്ങിയിട്ട്‌ വരാം എന്നു പറഞ്ഞു പോയവരെ കണ്ടുപിടിക്കണമെങ്കില്‍ മഷിനോക്കണമെന്ന സ്ഥിതിയായി.

ഇനിയെന്തു ചെയ്യും? മുപ്പതഞ്ചോളം കവണകള്‍ ബാക്കി,ഡിമാന്‌ന്റ്‌ കാട്ടിയതു കാരണം വില ഉടനെ കുറക്കാനും മടി.അപ്പോഴാണ്‌ ആഗോളവത്‌ക്കരണത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നു കിട്ടിയത്‌.നമുക്കിത്‌ അങ്ങാടിയില്‍ കൊണ്ടുപോയി വിറ്റാലോ?അത്രക്കും അഭിപ്രായം കിട്ടിയ സംഗതിയാണിത്‌.മണ്ണാര്‍ക്കാട്‌ അങ്ങാടിയില്‍ കല്‌കി ചെട്ടിയാര്‍ എന്ന വ്യാപാരിയുണ്ട്‌.അയാളുടെ കടയില്‍ നാടന്‍ കളിസാധനങ്ങളായ ഗോട്ടി,പമ്പരം,പാമ്പും കോണിയും തുടങ്ങിയവ വില്‍ക്കാറുണ്ട്‌.ഞങ്ങള്‍ അവിടെ തന്നെ ഭാഗ്യം പരീക്ഷിക്കുവാന്‍ തീരുമാനിച്ചു.

കവണകളെല്ലാം ചാക്കിലാക്കി പോകാന്‍ ഒരുങ്ങുമ്പോളാണ്‌ അതിപ്രധാനമായ ഒരു സംഗതി മോഹനേട്ടന്റെ ഉള്ളില്‍ തോന്നിയത്‌. നമ്മളെ കണ്ടാല്‍ പരമ്പരാഗതമായി കവണ കച്ചവടം ചെയ്യുന്നവരായി തൊന്നണ്ടേ? അതിനിങ്ങനെ പോയാല്‍ ശരിയാവില്ല!അക്കാലങ്ങളില്‍ അട്ടപ്പാടിയില്‍ നിന്നും ആദിവാസികള്‍ തേന്‍,വിറക്‌ എന്നിവ വില്‍ക്കാനായി മലയിറങ്ങി വരാറുണ്ട്‌. ഏതായാലും ഞങ്ങള്‍ സെമി ആദിവാസികളായി കല്‍ക്കിയുടെ കടയിലേക്കു യാത്ര തിരിച്ചു.

തിരക്കൊഴിഞ്ഞ ശേഷം കല്‍ക്കിയുടെ സഹായിയോട്‌ ഞങ്ങള്‍ സംഗതി അവതരിപ്പിച്ചു.കല്‍ക്കി എന്നെ സൂക്ഷിച്ചു നോക്കി.എന്റെ ഉള്ള്‌ ആളി,ദൈവമേ എന്റെ കണ്ണുകളില്‍ അയാള്‍ നാഗരികത ദര്‍ശിക്കുന്നുണ്ടോ? ആ നിമിഷങ്ങളില്‍ ഞാന്‍ പരമാവധി ആദിവാസിയാകാന്‍ ശ്രമിച്ചു.

ആ; ഏതായാലും കാണിക്ക്‌. കല്‍ക്കി വലിയ താല്‌പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.ഗ്രീന്‍സിഗ്നല്‍ ലഭിച്ച സന്തോഷത്തില്‍ മോഹനേട്ടന്‍ ചാക്കു കൊട്ടി.സഹായി താന്‍ ഇതില്‍ ഒരു എക്സ്‌പ്പര്‍ട്ട്‌ ആണെന്ന ഭാവത്തില്‍ കവണ പരിശോധിക്കാന്‍ തുടങ്ങി;പിന്നീടു സംഭവിച്ചതു ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.അയാള്‍ കവണ നിലത്തു വെച്ച്‌ കാലു കൊണ്ട്‌ ചവിട്ടിപ്പിടിച്ച്‌ കൈ കൊണ്ട്‌ തുകല്‍ ഭാഗം ആഞ്ഞു വലിച്ചു; ടെമ്പര്‍ ടെസ്റ്റ്‌ ചെയ്യാന്‍!'ഠേ' എന്ന ദീനരോദനം പുറപ്പെടുവിച്ച്‌ എന്റെ കവണ അന്ത്യശ്വാസം വലിച്ചു. ഏതു ഐ.എസ്‌.ഐ മാര്‍ക്ക്‌ കവണയും പരാജയപ്പെടും അത്തരം ടെസ്റ്റുകളില്‍! വീണ്ടും ആ മഹാപാപി മറ്റൊരു കവണ കൂടി വലിച്ചെടുക്കുകയും യാതൊരു ദയാദാക്ഷ്യണ്യവും കൂടാതെ സ്രഷ്ടാക്കളുടെ മുന്‍പില്‍ വെച്ച്‌ പുത്രവധം നടത്തുകയും ചെയ്തു.ഞങ്ങളുടെ കണ്ണിലൂടെ രക്തക്കണ്ണീരൊലിച്ചു.നിലത്തെ കവണകള്‍ വാരിപ്പെറുക്കുന്ന ഞങ്ങളെയും ഞങ്ങളുടെ നിലവാരമില്ല്ലാത്ത കവണകളെയും അവര്‍ കണക്കറ്റു പരിഹസിച്ചു. ആദ്യ അന്താരാഷ്ട്ര കച്ചവടം നടത്താന്‍ പോയവര്‍ അപമാനിതരായി മടങ്ങി.

തിരിച്ചെത്തിയ ഞങ്ങള്‍ ഒരു രൂപക്ക്‌ പരിസരത്തു തന്നെ കവണ വില്‍ക്കാന്‍ ശ്രമിച്ചു.ഇടതു പാര്‍ട്ടികള്‍ ആഗോളവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ ഘോരഘോരം പ്രസംഗിച്ചാലും നമ്മളതു വകവെക്കാറില്ല. അന്താരാഷ്ട്ര വിപണിയില്‍ തിരസ്‌ക്കരിക്കപ്പെട്ട ഒരു ഉത്‌പന്നത്തിന്‌ പിന്നെ ചവറ്റു കൊട്ടയിലാണു സ്ഥാനം എന്നു ഞങ്ങള്‍ അനുഭവത്തിലൂടെ പഠിച്ചു.നേരത്തെ ഒരു രൂപക്കു വാങ്ങാന്‍ തിരക്കു കൂട്ടിയ ആര്‍ക്കും ഇപ്പോള്‍ വെറുതെ കൊടുത്താല്‍ പോലും വേണ്ട!

പണിപ്പുരക്കുള്ളില്‍ ദുഃഖം തളം കെട്ടി.നേരത്തേ അസൂയ പൂണ്ടിരുന്നവര്‍ മാത്രം ഇടക്കിടക്ക്‌ സ്ഥലം സന്ദര്‍ശിച്ച്‌ ഞങ്ങളുടെ ദയനീയ അവസ്ഥയില്‍ പങ്കുചേര്‍ന്നു.ഒന്നുരണ്ടു ദിവസങ്ങള്‍ കടന്നു പോയി. അങ്ങിനെയിരിക്കെയാണ്‌ എന്റെ ബുദ്ധിയിലെന്നു ഞാനും,മോഹനെട്ടന്റേതെന്നു അദ്ദേഹവും എക്കാലവും അവകാശപ്പെടുന്ന ഒരു ഐഡിയ ഞങ്ങള്‍ക്കു വീണുകിട്ടിയത്‌.

ഞങ്ങളുടെ ക്രിക്കറ്റ്‌ ടീമിലെ അതിവിശ്വസ്ഥരായ രണ്ടെണ്ണത്തിനെ അടുത്തു വിളിച്ചു.കല്‍ക്കി ചെട്ടിയാരുടെ കടയില്‍ പോയി കവണയുണ്ടോ എന്നന്വേഷിക്കാന്‍ പറഞ്ഞു.അവര്‍ പോയി ഞങ്ങള്‍ പ്രതീക്ഷിച്ച മറുപടിയുമായി തിരിച്ചു വന്നു.രണ്ടു ദിവസത്തിനു ശേഷം വേറെ രണ്ടു പേരെ കവണ വാങ്ങാന്‍ കല്‍ക്കിയുടെ കടയിലേക്കു പറഞ്ഞു വിട്ടു. മൂന്നാമത്തെ ബാച്ചിന്റെ സന്ദര്‍ശന വേളയില്‍ കല്‍ക്കി ഉദ്വേഗത്തൊദെ അവരോട്‌ ചോദിച്ചു! "മക്കളേ ഇതു കവണേടെ കാലമാണോാ?". പറഞ്ഞു പഠിപ്പിച്ച മറുപടി കുട്ടികള്‍ ചൊല്ലി, "പിന്നേ ഇതു മാമ്പഴക്കാലമല്ലേ"

മതി;ഞങ്ങള്‍ക്കു രംഗപ്രവേശം ചെയ്യാനുള്ള സമയമായെന്നു മനസ്സിലായി.രണ്ടു ദിവസത്തിനു ശേഷം കടയിലെത്തിയ ഞങ്ങളെ കല്‍ക്കി എഴുന്നേറ്റു നിന്നു സ്വീകരിച്ചു.സഹായിയെ കടുത്ത്‌ അവഗണിച്ച ഞങ്ങള്‍ കല്‍ക്കിയുമായി മാത്രം ബിസിനസ്സ്‌ ഡീല്‍ ചെയ്തു. പണ്ടു പൊട്ടിച്ച കവണകള്‍ ഉള്‍പ്പടെ മുപ്പത്തഞ്ചു കവണകള്‍ മൊത്തം എഴുപതു രൂപക്കു കല്‍ക്കിക്കു വിറ്റു.

മണ്ണാര്‍ക്കാട്‌ മേഖലകളില്‍ പിന്നീട്‌ ഒരുപാട്‌ വസന്തങ്ങള്‍ വന്നുപോയി.ഓരോ മാമ്പഴക്കാലത്തും കവണ വാങ്ങാനെത്തുന്ന കുട്ടികളെ പ്രതീക്ഷിച്ച്‌ കല്‍ക്കി ചെട്ടിയാര്‍ വഴിക്കണ്ണുമായി കാത്തിരുന്നു. ഞങ്ങളും പിന്നീട്‌ ഒരുപാടു കാലം കല്‍ക്കിയുടെ കടയുള്ള വഴി മാറി നടന്നു. ഈയടുത്ത കാലത്ത്‌ ആ കടയുടെ ഏതോ ഒരു കോണില്‍ പൂത്തിരിക്കുന്ന എന്റെ കവണകളെ കാണാന്‍ എനിക്കു മോഹം തോന്നി. കല്‍ക്കി തിരിച്ചറിയില്ലെന്ന ഉറപ്പില്‍ ഞാനാ കടയില്‍ കയറിച്ചെന്നു.പണ്ടത്തെ സഹായിയെ വീണ്ടും കാണാന്‍ കഴിഞ്ഞു. കല്‍ക്കി കഴിഞ്ഞ കൊല്ലം മരിച്ചു പോയ വിവരം അയാളെന്നോടു പറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ പെട്ടെന്നു പിന്നില്‍ നിന്നാരോ വിളിച്ച പോലെ എനിക്കു തോന്നി.
"മക്കളേ ഇതു കവണേടെ കാലമാണോാ?".
ഏന്റെ മനസ്സിലും ഒരുപാട്‌ മാമ്പഴക്കാലങ്ങള്‍ വിരിഞ്ഞു.