Sunday, September 07, 2008

കാള വാല്‍ പൊക്കുമ്പോള്‍

ഞാന്‍ ബാംഗ്ലൂരില്‍ ഇഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ ശര്‍മ,ഇന്ദിര തുടങ്ങിയ ബസ്സുകളിലാണ്‌ അവധിക്കാലത്ത്‌ പോവുകയും തിരിച്ചു വരികയും ചെയ്യാറ് . ഓരോ പ്രാവശ്യവും ബസ്സില്‍ കയറുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഒരു സുന്ദരി പെണ്കുട്ടി യാത്ര ചെയ്യണേ എന്നു‌ മനസ്സുകൊണ്ടാഗ്രഹിക്കും. പക്ഷെ അതെന്നും ഒരാഗ്രഹമായിത്തന്നെ അവശേഷിച്ചു.

എന്നാല്‍ എന്റെ കൂട്ടുകാരുടെ ഇടയിലാണെങ്കില്‍ ട്രെയിന്‍ എക്സ്പര്‍ട്ട് ,ബസ് എക്സ്പര്‍ട്ട് എന്നിങ്ങനെയുള്ള കാറ്റഗറികള്‍ തന്നെ ഉണ്ടായിരുന്നു. അവധി കഴിഞ്ഞു വരുന്ന അവരുടെ ബസ് കഥകള്‍ കേട്ടു വായില്‍ വരുന്ന വെള്ളം ഇറക്കാന്‍ മാത്രമായിരുന്നു എന്റെ വിധി.

ഒരു വട്ടം കഥ കേട്ടു നിയന്ത്രണം വിട്ടപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചുപോയി,
എങ്ങന്യാടാ നിനക്കു മാത്രം ഇതൊക്കെ കിട്ടണതും സാധിക്കണതും?
അതിനേ .. ലക്കു മാത്രം പോരാ , ഗട്സ്‌ എന്ന സംഗതി കൂടി വേണം;

ആ വാചകം എന്റെ ഹൃദയത്തിലാണു തറച്ചത് ! നമുക്കു ആണത്തമിലലാന്നല്ലേ അവന്‍ സൂചിപ്പിച്ചതിനര്‍ത്ഥം! വരട്ടെ , തക്ക സമയം വരും ; അതുവരെ കാത്തിരിക്കുക തന്നെ . ഞാന്‍ മനസ്സിലുറപ്പിച്ചു.

കുറച്ചു കാലം കടന്നുപോയി . ഞാന്‍ ബാന്ഗ്ലൂരിലെ ഒരു കൊച്ചു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ ട്രെയിനി ആയി കയറിപ്പറ്റി.മടിവാളയില്‍് താമസവും തുടങ്ങി. വെള്ളിയാഴ്ചകളില്‍ നാട്ടിലേക്കു പോകുന്ന സുന്ദരികളെ കാണുമ്പൊള്‍ എനിക്കു‌ പണ്ടു മനസ്സിലുറഞ്ഞു കൂടിയ മോഹം സാക്ഷാത്കരിക്കേണ്ട സമയമായെന്നു തോന്നിത്തുടങ്ങി.

പക്ഷേ ലക്കിനെ മാത്രം അശ്രയിച്ചിരുന്നാല്‍് നമ്മളിങ്ങനെ ഇരിക്കുകയേയുള്ളൂ .. സംഗതി നടക്കണമെങ്കില്‍ ഫലപ്രദമായ പ്ളാനിംഗ് ആവശ്യമാണ് . അന്നെനിക്ക് ബസ് ബുക്കിംഗ് ഓഫീസിലെ ഒരു പയ്യനെ പരിചയമുണ്ടായിരുന്നു. ആദ്യത്തെ പടിയായി ആ പരിചയം ശക്തമാക്കി; കമ്പനി കൂടുന്ന ലവലിലാക്കി. ഒരു ദിവസം വെള്ളമടി സമയത്ത് അനുകൂല സന്ദര്‍ഭം വന്നപ്പോള്‍ ഇത് അവനോട് അവതരിപ്പിച്ചു .

" സംഭവം നടക്കും , പക്ഷേ ഞാണിമ്പേല്‍് വെച്ചുള്ള കളിയാ .. പെണ്ണ്നെങ്ങാനും പാതിരാത്രിക്കു നിലവിളിച്ചാല്‍ തീര്‍ന്നു; നിന്നെ നടുറോട്ടില്‍ ഇറക്കിവിടും. അവന്‍ താക്കീതു ചെയ്തു .
" എവടെ ; ഇവന്റെ ആക്രാന്തത്തിനു ഇതൊന്നും പറ്റൂല്ലാന്ന് .. വളരെ നയത്തില്‍ ചെയ്യേണ്ട കാര്യങ്ങളാണിത്. " മിച്ചറു വാരിത്തിന്നുന്ന എന്നെ നോക്കി മറ്റൊരു ഫ്രണ്ട് പറഞ്ഞു. (അല്ലെങ്കിലും മദ്യപാന സമയത്ത് ഉപദംശങ്ങള്‍ കൂടുതലായി കഴിക്കുന്നതെന്റെ ശീലമാണ് . കൂട്ടുകാരുടെ സ്ഥിരം പരാതിയും ..)
ഒരു വിധത്തില്‍ അവന്മാരെക്കൊണ്ട് സമ്മതിപ്പിച്ചു.

"അതേയ് , എന്നു വേണമെങ്കിലും യാത്രയ്ക്കു റെഡിയായിക്കൊള്ളണം. എപ്പോഴാ അവസരം വരുന്നതെന്നു പറയാന്‍ പറ്റില്ല " ഫ്രണ്ട് ഓര്‍മിപ്പിച്ചു . എനിക്കു‌ നൂറു വട്ടം സമ്മതം. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ദിവസം ഉച്ചക്ക് ഫ്രണ്ടിന്റെ ഫോണ്‍ വന്നു. ഇന്നൊരു പെണ്ണു ടിക്കറ്റു ക്യാന്‍സല്‍ ചെയ്തിട്ടുണ്ട് , നിനക്കതു വേണോ ?

"വേണം , പക്ഷേ മറ്റേ സീറ്റിലെ കുട്ടി കാണാന്‍ എങ്ങനെയുണ്ട് ?"
"എടാ , കുറച്ചു കഴിഞ്ഞാല്‍ മൊത്തത്തില് ഇരുട്ടല്ലേ .. നീയതൊന്നും നോക്കണ്ട .. നിനക്കു വേണോ അതു‌ പറ " അവന്‍ ഡിമാന്റ് കാട്ടാന്‍ തുടങ്ങി . അങ്ങിനെ അതങ്ങോട്ട് ഉറപ്പിച്ചു .

അന്നു‌ കുറച്ചു നേരത്തേ കമ്പനിയില്‍ നിന്നിറങ്ങി . എന്തോ ഒരു ചെറിയ വെപ്രാളം മനസ്സിന്. എനിക്കു‌ കൂടുതലായോന്നും ഒരുങ്ങാനുണ്ടായിരുന്നില്ല. എന്നാലും ഒരു കമ്പിളിപ്പുതപ്പും മഫ്ലാരുമെടുത്ത് ബാഗിലിട്ടു . ഇനി നമ്മുടെ കഷ്ടകാലത്തിന് തമിഴ്‌നാട്ടിലെ വല്ല വിജനസ്ഥലത്തും ഇറക്കി വിടുകയാണെങ്കില്‍ രാവിലെ വരെ തണുത്ത് വിറക്കാതെ മൂടിപ്പുതച്ചിരിക്കാമല്ലോ. അങ്ങിനെ ഞാന്‍ സുസജ്ജമായി ഒരുങ്ങി.

ബുക്കിന്ഗ് ഓഫീസിലെത്തിയപ്പോള്‍ കൌണ്ടറിലിരുന്ന ഫ്രണ്ട് ഒരു പെണ്‍കുട്ടിയെ നോക്കി കണ്ണൂകാട്ടി. ഹായ് ; നല്ല കുട്ടി . ഇവള്‍ ഹിന്ദുവോ ക്ര്യസ്തനോ? മതമേതായാല്ലും കുട്ടി നല്ലതാണല്ലോ ; അതു‌ മതി . ഞാന്‍ ഗുരുമന്ത്രം മനസ്സിലോര്‍ത്തു .

എങ്കിലും ബസ്സില്‍ കയറി ഒരുമിച്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അതുവരെ ശേഖരിച്ച ധൈര്യമെല്ലാം വിസ്പറിന്റെ ആഡു പോലെ ചോര്‍ന്നു പോയി . ഗുരുവായുരപ്പാ ; ആദ്യത്തെ രാസലീലാ അറ്റംറ്റാണ് , രക്ഷിക്കണേ ഭഗവാനേ; ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു . ആകെ അങ്കലാപ്പ് , മനസ്സില്‍ ആശയസംഘട്ടനം നടക്കുന്നുന്റെങ്കിലും പുറമേക്കു മാന്യതയുടെ ആവരണമണിഞ്ഞിരുന്നു. ബസ് പതുക്കെ നീങ്ങിത്തുടങ്ങി .

അല്‍പ നേരം കഴിഞ്ഞു .പെണ്കുട്ടി ഈ വശത്തോട്ടു നോക്കുന്ന പോലും ഇല്ല. ഞാന്‍ ഒന്നു മുരടനനക്കി. ങ്‌ഹേ , ഒരു രക്ഷയുമില്ല. ഒന്നു കൂടി ശക്തിയായി മുരടനനക്കി. [ ഇതിനു‌ മുരടനനക്കുക എന്നാണോ കുരക്കുക എന്നാണോ പറയേണ്ടത് ! ]
ഭാഗ്യം ! തിരിഞ്ഞു നോക്കി ..
"ഹും എന്തേ!?"
"ഏയ് ഒന്നൂല്ല്യാ"
അവള്‍ ഒന്നു കൂടി തിരിഞ്ഞിരുന്നു . നിരാശയുടെ പടുകുഴിയിലേക്ക് ഞാനും .

ശ്ശേ , നാശകോടാലിയായിപ്പൊയി.. ഇവളെന്തു കരുതിക്കാണും. ഇതാണ് നമ്മളെക്കൊണ്ട് ഒന്നും പറ്റൂല്ലാന്നു പറയുന്നത് . കൈരളിയില്‍ നിന്നു പൊതിഞ്ഞ പൊറോട്ടയെടുത്ത് തിന്നാലോ ; വയറിന്റെ ജഠരാഗ്നിയെന്കിലും ശമിക്കുമല്ലോ . ഞാന്‍ ചിന്താവിഷ്ടനായി .

അല്‍പ നേരം കൂടി കഴിഞ്ഞു .ബസ് ബന്ഗ്ലൂരിന്റെ പ്രാന്തപ്രദേശന്ഗളിലെത്തി. ചാന്ദ്രകിരണങ്ങലേല്ക്കുമ്പോള്‍് , മന്ദമാരുതനവളുടെ അളകങ്ങളെ തഴുകുമ്പോള്‍ , അവള്‍ കൂടുതല്‍ സുന്ദരിയായി എനിക്കു‌ തോന്നി . തികച്ചും അനുരാഗലോലമായ അന്തരീക്ഷം . വീണ്ടും മനസ്സില്‍ തരളിത ഭാവങ്ങളുണര്‍ന്നു. ഒരു പ്രാവശ്യം കൂടി ശ്രമിച്ചു നോക്കാം.. നമുക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല .

"ഹലോ "
പെണ്കുട്ടി ചോദ്യഭാവത്തില്‍ ..
"കുറച്ചു വെള്ളം തരുമോ" ; ഞാന്‍ ഹാങ്ങ്‌ ചെയ്തിരുന്ന ബോട്ടില്‍ ചൂണ്ടിക്കാട്ടി . അവള്‍ ബോട്ടില്‍ പാസ് ചെയ്തു .
"താങ്ക്യു ; എന്താ പേര്?"
"നിഷ"
(ഭാഗ്യം റെസ്പൊന്ട് ചെയ്യുന്നുണ്ട് . ഇനി പിടിച്ചു പിടിച്ചു കയറണം .ഞാന്‍ കേട്ടു‌ ഹൃദിസ്ഥമായ കഥകള്‍ മനസ്സിലോര്‍ത്തു )
"എന്ത് ചെയ്യുന്നു ; പഠിക്ക്യാണോ?"
"അതേ"
"എവിടെ?" അവള്‍ കോള്ളേജിന്റെ പേരു പറഞ്ഞു.
"ഞാനിവിടെ സോഫ്റ്റ്‌വെയര്‍ എന്ജിനീയറാ" [ അക്കാലങ്ങളില്‍ ഞാനിതെല്ലാവരോടും പ്രഖ്യപിക്കുമായിരുന്നു. ]
" ആട്ടെ , എന്താ നാട്ടിലേക്ക് പോകുന്നത് , അവധിയാണോ ?"
"എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി "

" ങേ!!"

ആ ഒരു നിമിഷത്തില്‍ , അവളുടെ അപ്പൂപ്പന്‍ മരിച്ചതിനു ഞാന്‍ അവളെക്കാളധികം
ദുഃഖിച്ചു. ഇനിയെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഞാന്‍ അമൃത ചൈതന്യയെക്കാള്‍ ദുഷ്ടനായിത്തീരും.
"എല്ലാം വിധിയാണു കുട്ടീ , ഒന്നും പറഞ്ഞിട്ടു കാര്യമില്ല." ദീര്‍ഘനിശ്വാസത്തോടെ ഇതു പറയുമ്പോള്‍ ഞാന്‍ എന്റെ വിധി തന്നെയാണുദ്ധേശിച്ചത് . എല്ലാറ്റിനും വേണം ഒരു യോഗം. ഒക്കെ ഒത്തു വന്നതായിരുന്നു.

ഇനി പച്ചക്കിരിക്കാന്‍ ബുദ്ധിമുട്ടാണ് ; ഹോസുരെത്തിയപ്പോള്‍് ചാടിയിറങ്ങി . തൊട്ടടുത്ത ബാറില്‍ നിന്നു നില്‍പ്പനായി രണ്ടെണ്ണം അടിച്ചു . ഏതോ ഡൂപ്ളി സാധനമാണെന്ന് തോന്നുന്നു .. സീറ്റിലിരുന്നതേ ഓര്‍മയുള്ളൂ ; ബോധം പോയി. രാവിലെ എഴുന്നേറ്റപ്പോള്‍് അവളെ കാണാനില്ല. ഞാന്‍ നേരെ വീട്ടിലും പോയി.തിരിച്ചു പൊകുമ്പൊളായിരുന്നു പ്രശ്നം ; ഫ്രണ്ട്സ് എല്ലാം കഥ കേള്‍ക്കാനായി കാത്തിരിക്കുകയാണ് . ഒരു കഥ മെനഞ്ഞാലോ? അങ്ങിനെ ഉദ്ധേശിച്ച് തിരിച്ചു പോയി.

വൈകുന്നേരമായി . എല്ലാവരും എത്തി . ആകാക്ഷയോടെ ഇരിക്കുകയാണ്‌ കഥ കേള്‍ക്കാന്‍ . ഏതായാലും കുപ്പി പൊട്ടിച്ച് തുടങ്ങാം . ഒരു പെഗ്ഗ് അടിച്ചപ്പോള്‍ എനിക്കു‌ തോന്നി, ഞാന്‍ എന്തിനാ സ്വയം വഞ്ചിക്കുന്നത് ; സത്യാവസ്ഥ തുറന്നു പറയാം ..

കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ ട്രാവല്‍ ഏജന്‍സി ഫ്രണ്ട് നിര്‍ത്താതെ പൊട്ടിച്ചിരിച്ചു,
"എടാ മണ്ടാ നിന്നെ അവളു പറ്റിച്ചൂ .."
"ഹേയ് എന്ത് ; എങ്ങിനെ!?"
"മരണമറിഞ്ഞു പോകുന്ന ആരെങ്കിലും ഒരാഴ്ച മുന്‍‌പേ ബസ് ബുക്ക് ചെയ്യുമോ ? "

അപ്പോഴാനെനിക്ക് ക്ളിക്കായത് , ശരിയാണല്ലോ ! എടീ ദുഷ്ട്ടെ.. അല്ലെങ്കിലും നമ്മളെപ്പോലുള്ള പാവങ്ങളെ പറ്റിക്കാനല്ലേ നിനക്കു പറ്റൂ .. എങ്കിലും ചിലപ്പോഴൊക്കെ ആലോചിക്കുമ്പോള്‍ എനിക്കവളോട് ബഹുമാനവും തോന്നും . പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലാവാത്തത് അവളെങ്ങിനെ മനസ്സിലാക്കി , എന്റെ ഇന്ഗിതം ഇതാണെന്ന് , ഞാന്‍ മാന്യതയുടെ പ്രതിരൂപമായാണല്ലോ അവളോടിടപെട്ടത് !

" അതോ ഇനി കാള വാല്‍ പൊക്കുമ്പോള്‍ തന്നെ അറിയാമോ !!!"

7 comments:

Joker said...

കടുവയെ പിടിച്ച കിടുവ എന്നൊക്കെ പറയാറില്ലെ അങ്ങനെയായി പ്പോയി.നല്ല വിവരണം.ശരിക്കും ചിരിപ്പിച്ചു കളഞ്ഞു. തുടരുക

smitha adharsh said...

ഒരു കമ്പിളിപ്പുതപ്പും മഫ്ലാരുമെടുത്ത് ബാഗിലിട്ടു . ഇനി നമ്മുടെ കഷ്ടകാലത്തിന് തമിഴ്‌നാട്ടിലെ വല്ല വിജനസ്ഥലത്തും ഇറക്കി വിടുകയാണെങ്കില്‍ രാവിലെ വരെ തണുത്ത് വിറക്കാതെ മൂടിപ്പുതച്ചിരിക്കാമല്ലോ. അങ്ങിനെ ഞാന്‍ സുസജ്ജമായി ഒരുങ്ങി

ഹൊ! എന്തൊരു ദീര്‍ഘവീക്ഷണം!!!
പക്ഷെ,ആരുടെയോ കണ്ണ് പറ്റിപ്പോയി..!!!

Anonymous said...

ആളു കൊള്ളാമല്ലോ.....

ഞാനും എന്റെ എയര്‍ ബസ്‌ യാത്രകളില്‍ കുറേ ഞരമ്പ്‌ രോഗികളെ കണ്ടിട്ടുണ്ട്‌...

ഇയാള്‍ക്ക്‌ വിനയായത്‌ ഇയാളിലെ നന്മയാണു സുഹൃത്തേ.....

sunil said...

stories from real life will bring up old memories more sweet.chembaka i am praying that a new one should be published by u everyday.
really enjoying ur page
keep it up
from my heart

കൊച്ചുഗുപ്തന്‍ said...

appo athaanu kaaryam , lle ?..!!!!

oru sarasari malayali cheruppakkaarante ilakkangal valare thanmayathwathodukoodi viswasayogyamaayi avatharippichiriykkunnu....aa chembakan touch ivideyum kaimosam vannittillya...

..tin2 -nte comment ...full marks.....athe..manassu malinamaakaathavarkke ingane ezhuthaan pattoo.....keep doing ...(oh .. not such events ..i mean, writing ..!!!! )

കുഞ്ഞന്‍ said...

മാഷെ...

മാഷിന്റെ എല്ലാ പോസ്റ്റുകളും വായിച്ചു, എല്ലാം വളരെ രസകരമായവ. എനിക്കൊന്നെ പറയാനുള്ളൂ മാസത്തിലൊരിക്കലെങ്കിലും ഒരു പോസ്റ്റ് വച്ച് പ്രസദ്ധീകരിക്കണമെന്നുള്ള അഭ്യര്‍ത്ഥന.

മറുമൊഴിയിലേക്കു കമന്റുകള്‍ തിരിച്ചുവിട്ടിരുന്നെങ്കില്‍ ബൂലോഗത്തെ കുറെയധികം ആളുകള്‍ക്ക് ആസ്വാദ്യകരമായേനെ എന്നൊരു അഭിപ്രായവും ഉണ്ട്.

പേര് ഹരിയെന്ന് കമന്റിലൂടെ മനസ്സിലായി..എവിടെയായിരുന്നാലും നന്മയും ഐശ്വര്യവും വന്നുചേരട്ടെ..

മാണിക്യം said...

ചില പോസ്റ്റ് വായിച്ചാല്‍ ഒന്നും പറയാതെ ചുമ്മാ അടുത്ത പോസ്റ്റിലേക്ക് ക്ലിക്ക് ചെയ്തു പോകാം പക്ഷെ ചിലയിടത്തു നിന്ന് പോകാനാവില്ല . കുഞ്ഞുമക്കള്‍ "എന്നെ എടുത്തേ" എന്നും പറഞ്ഞു കാലില്‍ വട്ടം പിടിക്കും പോലെ ഒരു പിടിയാണു ഞാന്‍ ആണേല്‍ ആ പീടുത്തം കണ്ടാല്‍ പിന്നെയും ഒരു വട്ടം കൂടെ വായിക്കും അങ്ങനെ ചുറ്റി പറ്റി ഇവിടെ തന്നെ വട്ടം കറങ്ങുന്നു..
ഈ ബ്ലോഗ് ഇതിനു മുന്‍പേ കണ്ടിട്ടില്ലല്ലൊ എന്ന നഷ്ടബോധം
..ലക്കു മാത്രം പോരാ, ഗട്സ്‌ എന്ന സംഗതി കൂടി വേണം.... സത്യം!!
****************************
ഈ ബ്ലോഗ് നാലുപേര്‍ കാണട്ടെ

Please Take ..Settings
GO to ...Comment Notification Email:-
add....'marumozhikal@gmail.com'
Save Settings ...