Monday, August 01, 2011

രാവിനു മായിക ഭാവം

ക്ലാസ്മേറ്റ്സ് എന്ന സിനിമ റിലീസ് ചെയ്ത കാലം.ചാനലുകള്‍ മുഴുവന്‍ അതു സംബന്ധിച്ചുള്ള അഭിമുഖങ്ങള്‍ നടക്കുകയാണ്. മലയാള സിനിമയില്‍ കാല്പനിക കാലം തിരിച്ചു വന്നിരിക്കുന്നു എന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ നിറയേ. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന എന്റെ ഭാര്യ പെട്ടെന്നൊരു ചോദ്യം ചോദിച്ചു; എന്താണീ കാല്പനികത എന്നു വെച്ചാല്‍?

അന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞു അധികകാലമായിട്ടില്ല.അവള്‍ മദ്രാസില്‍ പഠിച്ചുവളര്ന്നതുകൊണ്ട് കക്ഷിക്ക് മലയാളത്തില്‍ വലിയ സ്വാധീനം പോര; മറിച്ചു എനിക്ക് നല്ല അവഗാഹം ഉണ്ടെന്നായിരുന്നു അവളുടെ വിലയിരുത്തല്‍.

ഞാന്‍ ചിന്താകുഴപ്പത്തിലായി, കാല്പനികത എങ്ങനെ വിശദീകരിക്കും!

ഉദാഹരണത്തിന് ഗവ:വിക്ടോറിയ കോളേജ് ഗ്രൌണ്ടിന്റെ ഏകദേശം നടുവിലായി ഒരു മരം പന്തലിച്ചു നില്‍ക്കുന്നുണ്ട്. പണ്ട് ക്രിക്കറ്റ് ഭ്രാന്തനായ ഒരു ഫ്രണ്ട്‌ എന്നോട് പറഞ്ഞു; “ഈ മരം അങ്ങിട്ട് വെട്ടീച്ച്ചാല് രണ്ടാമതൊരു ഗ്രൌണ്ട് കൂടി ഉണ്ടാക്കാരുന്നൂല്ലേ” എനിക്കു പക്ഷേ യോജിക്കാന്‍ സാധിച്ചില്ല. മൈതാനമധ്യത്തില്‍ ഏകാകിയായ ആ വൃക്ഷതാപസന്‍ എത്ര കവിഹൃദയങ്ങളെ പ്രചോദിപ്പിച്ചിരിക്കാം.

ഭാവം മനസ്സിലാണ് ഉണരേണ്ടത്. ഭക്തിയില്ലെന്കില്‍ ശിലാജന്യമായ വിഗ്രഹത്തിനെന്തു പ്രസക്തിയാണുള്ളത്.

പഠിക്കുന്ന കാലത്ത് ചില തീവ്രാഭിലാഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എനിക്കു കാര്യമാത്രപ്രസക്തമായ പ്രണയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ആ കാലങ്ങളില്‍ ഞങ്ങള്‍ വളരെ പ്രായോഗികമതികള്‍ ആയിരുന്നു.

കോളേജില്‍ പോകുന്ന വഴിക്കെങ്ങാനും മോഹനെട്ടനെ കണ്ടാല്‍ ഉടന്‍ മൂപ്പര്‍ പറയും; “എല്ലാം നോക്കീം കണ്ടുക്കെ നടക്കണം ട്ടോ”. ഒരു വല്യേട്ടന്‍ നല്‍കുന്ന സ്നേഹോപദേശമായേ കേള്‍ക്കുന്നവര്‍ക്കു തോന്നുകയുള്ളൂ. പക്ഷേ ഞങ്ങള്‍ക്കിതൊരു കോഡ് ഭാഷയായിരുന്നു. അതായത്‌ ഒരു കോളേജാവുമ്പോള്‍ എപ്പോഴും എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ സാധാരണമാണല്ലോ, ഈ പണിസ്ഥലങ്ങളില്‍ അവശേഷിക്കുന്ന കമ്പികഷ്ണങ്ങള്‍ എല്ലാം നോക്കി വെക്കുക;അവധി ദിവസങ്ങളില്‍ വന്നത് ചൂണ്ടി താംബാളമാക്കുക. ഇതായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന രീതി. മോഹനേട്ടന്‍ അപ്പുറത്തു പാരലല്‍ കോളേജിലായിരുന്നതു കൊണ്ട്‌ നോക്കുജോലി എന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.ഞാനത് സ്തുത്യര്‍ഹമായി നിറവേറ്റിപ്പോന്നു. ഇപ്പോഴും ദാ ഈ അമേരിക്കയിലും അപൂര്‍വമായെങ്കിലും ഒരു താംബാളം വഴിയില്‍ കിടക്കുന്നത് കണ്ടാല്‍ ഒരു വിങ്ങലാണ് ആ ദിവസം മനസ്സിന്.

അങ്ങിനെയിരിക്കെയാണ് കോളേജില്‍ ഒരു പുതിയ ലൈബ്രറി കെട്ടിടം പണിയുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്.മഴക്കാറു കണ്ട മയില്‍പ്പേടകള്‍ പോലെ ഞങ്ങള്‍ ആഹ്ലാദിച്ചു ഈ വാര്‍ത്ത കേട്ട്. മുപ്പതു രൂപ സംഭാവന കൊടുക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും മടിയായിരുന്നു. എനിക്കു പക്ഷേ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുമില്ലെങ്കിലും ഒരു നല്ല കാര്യത്തിനല്ലേ.

കെട്ടിടം പണി തുടങ്ങി. ഈ കാര്‍പെന്റ്രി, വെല്‍ഡിംഗ് തുടങ്ങിയവയുടെ പ്രധാന ലൊക്കേഷന്‍ പെണ്‍കുട്ടികളുടെ വെയ്റ്റിങ്റൂമിനടുത്തായിരുന്നു.സാധാരണ ആണ്‍കുട്ടികള്‍ സൊള്ളാന്‍ അവിടെ തമ്പടിക്കാറുണ്ട്. ഇടയ്ക്കിടെ അവിടം സന്ദര്‍ശിക്കുമ്പോള്‍ ആള്‍ക്കാരുടെ വിചാരം ഞാന്‍ പെണ്‍കുട്ടികളെ കാണാന്‍ പോവുകയെന്നാണ്. ഒരര്‍ത്ഥത്തില്‍ ശരിയാണ്. ഞാന്‍ പോകുന്നത് കമ്പിക്ക്,മറ്റുള്ളവര്‍ പോകുന്നതും അതിനു തന്നെ, പക്ഷേ രണ്ടും തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ടെന്നു മാത്രം.

അങ്ങിനെ ഒരു ശനിയാഴ്‌ച്ച രാവിലെ നോക്കിവെച്ച കമ്പികള്‍ എടുക്കാന്‍ ഞങ്ങള്‍ പോയി. മോഹനേട്ടന്‍ പരിസരനിരീക്ഷണം നടത്താനായി അല്പം അകലെ മാറി നില്ക്കുകയാണ്. ഞാന്‍ സമയം കളയാതെ കമ്പികള്‍ പെറുക്കി ബാഗിലിട്ടു തുടങ്ങി. അല്പസമയം കഴിഞ്ഞിരിക്കണം, ആരുടെയോ അടക്കിയ സംസാരം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കാഴ്ച കണ്ടു. തൂണ് മറഞ്ഞിരുന്നു സല്ലപിക്കുകയാണ് രണ്ടു ഇണക്കിളികള്‍.

അതിലെ പെണ്‍കിളിയെ കണ്ടു ഞാന്‍ ഞെട്ടി. സ്ക്കൂളില്‍ എന്റെ ജൂനിയര്‍ ആയിരുന്ന, ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഡമായി എന്നെ ശ്രദ്ധിച്ചിരുന്ന,എന്നെങ്കിലും ഞാന്‍ എന്റെ പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി. എന്‍റെ സ്വപ്നങ്ങളില്‍ അവളുണ്ടായിരുന്നു.

ഒരു മാത്ര കഴിഞ്ഞപ്പോള്‍ അവരെന്നെയും കണ്ടു, എന്‍റെ അതേ ഞെട്ടല്‍ ആ പെണ്കുട്ടിയിലും പ്രകടമായി. പെട്ടെന്നവള്‍ അകത്തേക്ക് പോയി.

തിരിഞ്ഞുനടക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം എന്നെ ഗ്രസിച്ചു.അന്ന് വിറ്റ താംബാളം പോലും എനിക്കു സന്തോഷമേകിയില്ല. ദിവസങ്ങളോളം ആ കാഴ്ച എന്നെ പിന്തുടര്‍ന്നിരുന്നു.

ഇത്രയുമായപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. അപ്പോഴും ഉത്തരം പ്രതീക്ഷിച്ചു നില്‍ക്കുന്ന ഭാര്യയോടു പറഞ്ഞു.

“മോളെ , കാല്പനിക ഭാവമാണ് ,രൂപമല്ല. രൂപത്തെ നമുക്ക് നിര്‍വചിക്കാം, ഭാവം അനുഭവിക്കാനുള്ളതാണ്; നിര്‍വചിക്കാന്‍ ഞാന്‍ അശക്തനാണ്”

പറഞ്ഞത് മുഴുവന്‍ ഉള്‍ക്കൊള്ളാതെ അവളെന്നെ ഉറ്റുനോക്കി. ആ കണ്ണുകളിലേക്ക് നോക്കിനോക്കി ഞാനവളുടെ കരങ്ങള്‍ ഗ്രഹിച്ചു. എന്നിട്ടു പറഞ്ഞു. അല്ലെങ്കില്‍ നമുക്കതിനെ ഇങ്ങനെ സംഗ്രഹിക്കാം ..

“ഋതുഭേദ കല്പന , ചാരുത നല്‍കിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണക്കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണിച്ചില്ലയില്‍
കവിതേ പൂവായ്‌ നീ വിരിഞ്ഞൂ”

പുറത്തപ്പോള്‍ നിലാവു പെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ജാലകങ്ങള്‍ തുറന്നിട്ടു.

Thursday, September 03, 2009

പരിഭാഷ

കോളേജില്‍ പഠിയ്ക്കുന്ന കാലത്താണ് ; ഒരു ഫ്രണ്ട് എന്നെ സമീപിച്ചു.
"എടാ ഒരു ഡൌട്ട് ഹിന്ദിയില് "
ശരി പറ ; ഹിന്ദി എനിക്കു വലിയ പിടിയൊന്നുമില്ലന്നു നിനക്കറിയാലോ.

ഈ ചെയ്ന്‍ എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം ?
എനിക്കു പെട്ടന്ന് ഒന്നും ഓടിയില്ല ; അതുകൊണ്ട് എന്താണു കാര്യമെന്നന്വേഷിച്ചു . ചിലപ്പോള്‍ context അറിഞ്ഞാല്‍ പറയാന്‍ പറ്റിയാലോ .. ഒരു ജൂനിയര്‍ ഹിന്ദിക്കാരി അവനോട്‌ പറഞ്ഞത്രേ 'തുമാരെ സെ ചൈന്‍ നഹി ഹേ'
ഓഹോ അങ്ങിനെയോ എന്നും പറഞ്ഞു മച്ചുനന്‍ തിരിച്ചു വന്നിരിക്കുകയാണ് ;അര്‍ത്ഥമറിയാതെ.

ഞാന്‍ : അത് ശരി ; അപ്പൊ പെണ്ണ് പറഞ്ഞതാണല്ലേ ?
അവന്‍ : ' അതേ '
ഞാന്‍ : എടാ ; നമ്മുടെ നാട്ടിലൊക്കെ പശുവിന് ചെനയുണ്ട് എന്ന് പറഞ്ഞാല്‍ കാളയെ കൊ ണ്ട്ട് ചവിട്ടിക്കാറായി എന്നാണു അര്‍ത്ഥം. ചിലപ്പോള്‍ ഹിന്ദിയിലും അതേ അര്ത്ഥമാണെന്കിലോ?

അവന്‍ : ഐയ്‌ ; അങ്ങിനെ പച്ചക്ക് പറയുമോ ഒരു പെണ്ണ് !
ഞാന്‍ : ആണെങ്കില്‍ നീ രക്ഷപെട്ടൂ , ഇനിയുള്ള കാലം വിത്തുകാളയായി വെലസാം . ആ വഴിക്കൊന്ന്‍ ഇടപെട്ടുടെ , ചിലപ്പോള്‍ കിട്ടിയാലോ ..
അവന്‍ : ഉവ്വ് , കിട്ടും .. ചെകിടത്തായിരിക്കും . എടാ ഇത് നടക്കുമെന്ന് തോന്നുന്നില്ല ; ഇവിടെ ഹിന്ദി ശരിക്കറിയാവുന്നവതാര്‍ക്കാ ?
ഞാന്‍ : എന്നാ പിന്നെ നീ നമ്മുടെ മാധവേട്ടനോട് ചോദിച്ച്ചു നോക്ക്‌ , അയാളു കുറേക്കാലം വടക്കേ ഇന്ത്യയിലായിരുന്നെന്നു കേട്ടിട്ടുണ്ട് .
( മാധവേട്ടന്‍ ഞങ്ങളുടെ മെസ്സിന്റെ കുക്കാണ് , പണ്ടു പട്ടാളമെസ്സുകളില്‍് ഉണ്ടായിരുന്ന കഥ പറഞ്ഞിട്ടുണ്ട് )
ഞങ്ങളിരുവരും മാധവേട്ടനെ സമീപിച്ചു.
' മാധവേട്ടാ നിങ്ങള് പണ്ടു വടക്കേ ഇന്ത്യയിലായിരുന്നില്ലെ ' ?
മാധവേട്ടന്‍ തലയാട്ടി.
' അപ്പൊ പിന്നെ ഹിന്ദിയെല്ലാം ശരിക്കറിയുന്നുന്ടാവുമല്ലോ ' .
'പിന്നൈ.. ഹിന്ദിക്കാരെക്കാളും നന്നായി അറിയാം' .. മൂപ്പര്‍ പെട്ടന്നു ഫോമിലായി .
'എന്നാല്‍ പറയൂ , എന്താണു ' തും സെ ചൈന്‍ നഹി ഹേ' എന്നു പറഞ്ഞാല്‍ അര്‍ഥം ?
അത് പിന്നെ ; മാധവേട്ടന്‍ ഒന്ന് പതറി , എനിക്കു കാര്യം മനസ്സിലായി ; നമ്മുടെ അതേ പരുങ്ങല്‍ തന്നെ. ഞാന്‍ സിറ്റുവേഷന്‍് വിശദീകരിച്ചു .

അത്രെയേ ഉള്ളോ ; മോനെ അതിനു നിങ്ങളു വിചാരിക്കുന്ന അര്‍ത്ഥമൊന്നുമില്ല ..
'പിന്നൈ' ?
രണ്ടാഴ്ച മുന്‍പ്‌ നീ നിന്റെ മാല പണയം വെച്ച്ചില്ലെ ; നിന്റെ ചെയിന്‍ കാണുന്നില്ലല്ലോ എന്നാണവളു ചോദിച്ചത് ; ' തും സെ ചെയ്ന്‍ നഹി ഹേ'
ആഹ , എന്റെ മാല വിറ്റുവൊ ,പണയം വെച്ചോ എന്നൊക്കെ ചോദിക്കാന്‍ അവളാര് ? ഫ്രണ്ട് ചാടിത്തുള്ളി ഇറങ്ങിപ്പോയി.
പിന്നീട് കുറച്ചുകാലം കഴിഞ്ഞാണു അവളു പറഞ്ഞതിന്റെ പൊരുള്‍ അവനു പിടുത്തം കിട്ടിയത്‌ .പക്ഷെ അപ്പോഴേയ്ക്കും ആ സോഫ്റ്റ്‌ കോര്‍ണറിനെ മുളയിലെ നുള്ളിയിരുന്നു മാധവേട്ടന്റെ പരിഭാഷ.
സ്നേഹപൂര്‍വ്വം ചെമ്പകന്‍

Monday, July 20, 2009

പുഷ്പാഞ്ജലി - മിനിക്കഥ

എന്റെ നാട്ടില്‍ മാതാപിതാക്കളെ അന്ധമായി സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു,
എല്ലാ ദിവസവും അവര്‍ക്ക് വേണ്ടി അമ്പലത്തില്‍ പുഷ്പാഞ്ജലി കഴിക്കുന്ന ഒരു ശാലീന സുന്ദരി.
ഇത് കണ്ടിട്ടു എന്റെ അമ്മമ്മക്കു ആഗ്രഹമായി ;
"ഇവളെ നമ്മുടെ ചെമ്പകന് വേണ്ടി ആലോചിച്ചാലോ"
എന്റെ മനസ്സും ഇളകി , അത് പിന്നെ ഇടക്കിടക്ക്‌ ഇളകും.
അടുത്തപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ നോക്കിക്കളയാം ..
പക്ഷേ അവസാനം എന്തായീ , ഒരു സുപ്രഭാതത്തില്‍ കുട്ടി ശാന്തിക്കാരന്റെ കൂടെ ഓടിപ്പോയി .
അമ്മമ്മ മൂക്കത്ത് വിരല്‍ വെച്ചു . ഞാന്‍ ആശ്വസിപ്പിച്ചു. നടക്കാത്തതു നന്നായതെ ഉള്ളു. അവളു ഭര്‍ത്താവിനു കൂടി പുഷ്പാഞ്ജലി കഴിച്ചു നടന്നേനെ.
- ചെമ്പകന്‍

Sunday, September 07, 2008

കാള വാല്‍ പൊക്കുമ്പോള്‍

ഞാന്‍ ബാംഗ്ലൂരില്‍ ഇഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ ശര്‍മ,ഇന്ദിര തുടങ്ങിയ ബസ്സുകളിലാണ്‌ അവധിക്കാലത്ത്‌ പോവുകയും തിരിച്ചു വരികയും ചെയ്യാറ് . ഓരോ പ്രാവശ്യവും ബസ്സില്‍ കയറുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഒരു സുന്ദരി പെണ്കുട്ടി യാത്ര ചെയ്യണേ എന്നു‌ മനസ്സുകൊണ്ടാഗ്രഹിക്കും. പക്ഷെ അതെന്നും ഒരാഗ്രഹമായിത്തന്നെ അവശേഷിച്ചു.

എന്നാല്‍ എന്റെ കൂട്ടുകാരുടെ ഇടയിലാണെങ്കില്‍ ട്രെയിന്‍ എക്സ്പര്‍ട്ട് ,ബസ് എക്സ്പര്‍ട്ട് എന്നിങ്ങനെയുള്ള കാറ്റഗറികള്‍ തന്നെ ഉണ്ടായിരുന്നു. അവധി കഴിഞ്ഞു വരുന്ന അവരുടെ ബസ് കഥകള്‍ കേട്ടു വായില്‍ വരുന്ന വെള്ളം ഇറക്കാന്‍ മാത്രമായിരുന്നു എന്റെ വിധി.

ഒരു വട്ടം കഥ കേട്ടു നിയന്ത്രണം വിട്ടപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചുപോയി,
എങ്ങന്യാടാ നിനക്കു മാത്രം ഇതൊക്കെ കിട്ടണതും സാധിക്കണതും?
അതിനേ .. ലക്കു മാത്രം പോരാ , ഗട്സ്‌ എന്ന സംഗതി കൂടി വേണം;

ആ വാചകം എന്റെ ഹൃദയത്തിലാണു തറച്ചത് ! നമുക്കു ആണത്തമിലലാന്നല്ലേ അവന്‍ സൂചിപ്പിച്ചതിനര്‍ത്ഥം! വരട്ടെ , തക്ക സമയം വരും ; അതുവരെ കാത്തിരിക്കുക തന്നെ . ഞാന്‍ മനസ്സിലുറപ്പിച്ചു.

കുറച്ചു കാലം കടന്നുപോയി . ഞാന്‍ ബാന്ഗ്ലൂരിലെ ഒരു കൊച്ചു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ ട്രെയിനി ആയി കയറിപ്പറ്റി.മടിവാളയില്‍് താമസവും തുടങ്ങി. വെള്ളിയാഴ്ചകളില്‍ നാട്ടിലേക്കു പോകുന്ന സുന്ദരികളെ കാണുമ്പൊള്‍ എനിക്കു‌ പണ്ടു മനസ്സിലുറഞ്ഞു കൂടിയ മോഹം സാക്ഷാത്കരിക്കേണ്ട സമയമായെന്നു തോന്നിത്തുടങ്ങി.

പക്ഷേ ലക്കിനെ മാത്രം അശ്രയിച്ചിരുന്നാല്‍് നമ്മളിങ്ങനെ ഇരിക്കുകയേയുള്ളൂ .. സംഗതി നടക്കണമെങ്കില്‍ ഫലപ്രദമായ പ്ളാനിംഗ് ആവശ്യമാണ് . അന്നെനിക്ക് ബസ് ബുക്കിംഗ് ഓഫീസിലെ ഒരു പയ്യനെ പരിചയമുണ്ടായിരുന്നു. ആദ്യത്തെ പടിയായി ആ പരിചയം ശക്തമാക്കി; കമ്പനി കൂടുന്ന ലവലിലാക്കി. ഒരു ദിവസം വെള്ളമടി സമയത്ത് അനുകൂല സന്ദര്‍ഭം വന്നപ്പോള്‍ ഇത് അവനോട് അവതരിപ്പിച്ചു .

" സംഭവം നടക്കും , പക്ഷേ ഞാണിമ്പേല്‍് വെച്ചുള്ള കളിയാ .. പെണ്ണ്നെങ്ങാനും പാതിരാത്രിക്കു നിലവിളിച്ചാല്‍ തീര്‍ന്നു; നിന്നെ നടുറോട്ടില്‍ ഇറക്കിവിടും. അവന്‍ താക്കീതു ചെയ്തു .
" എവടെ ; ഇവന്റെ ആക്രാന്തത്തിനു ഇതൊന്നും പറ്റൂല്ലാന്ന് .. വളരെ നയത്തില്‍ ചെയ്യേണ്ട കാര്യങ്ങളാണിത്. " മിച്ചറു വാരിത്തിന്നുന്ന എന്നെ നോക്കി മറ്റൊരു ഫ്രണ്ട് പറഞ്ഞു. (അല്ലെങ്കിലും മദ്യപാന സമയത്ത് ഉപദംശങ്ങള്‍ കൂടുതലായി കഴിക്കുന്നതെന്റെ ശീലമാണ് . കൂട്ടുകാരുടെ സ്ഥിരം പരാതിയും ..)
ഒരു വിധത്തില്‍ അവന്മാരെക്കൊണ്ട് സമ്മതിപ്പിച്ചു.

"അതേയ് , എന്നു വേണമെങ്കിലും യാത്രയ്ക്കു റെഡിയായിക്കൊള്ളണം. എപ്പോഴാ അവസരം വരുന്നതെന്നു പറയാന്‍ പറ്റില്ല " ഫ്രണ്ട് ഓര്‍മിപ്പിച്ചു . എനിക്കു‌ നൂറു വട്ടം സമ്മതം. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ദിവസം ഉച്ചക്ക് ഫ്രണ്ടിന്റെ ഫോണ്‍ വന്നു. ഇന്നൊരു പെണ്ണു ടിക്കറ്റു ക്യാന്‍സല്‍ ചെയ്തിട്ടുണ്ട് , നിനക്കതു വേണോ ?

"വേണം , പക്ഷേ മറ്റേ സീറ്റിലെ കുട്ടി കാണാന്‍ എങ്ങനെയുണ്ട് ?"
"എടാ , കുറച്ചു കഴിഞ്ഞാല്‍ മൊത്തത്തില് ഇരുട്ടല്ലേ .. നീയതൊന്നും നോക്കണ്ട .. നിനക്കു വേണോ അതു‌ പറ " അവന്‍ ഡിമാന്റ് കാട്ടാന്‍ തുടങ്ങി . അങ്ങിനെ അതങ്ങോട്ട് ഉറപ്പിച്ചു .

അന്നു‌ കുറച്ചു നേരത്തേ കമ്പനിയില്‍ നിന്നിറങ്ങി . എന്തോ ഒരു ചെറിയ വെപ്രാളം മനസ്സിന്. എനിക്കു‌ കൂടുതലായോന്നും ഒരുങ്ങാനുണ്ടായിരുന്നില്ല. എന്നാലും ഒരു കമ്പിളിപ്പുതപ്പും മഫ്ലാരുമെടുത്ത് ബാഗിലിട്ടു . ഇനി നമ്മുടെ കഷ്ടകാലത്തിന് തമിഴ്‌നാട്ടിലെ വല്ല വിജനസ്ഥലത്തും ഇറക്കി വിടുകയാണെങ്കില്‍ രാവിലെ വരെ തണുത്ത് വിറക്കാതെ മൂടിപ്പുതച്ചിരിക്കാമല്ലോ. അങ്ങിനെ ഞാന്‍ സുസജ്ജമായി ഒരുങ്ങി.

ബുക്കിന്ഗ് ഓഫീസിലെത്തിയപ്പോള്‍ കൌണ്ടറിലിരുന്ന ഫ്രണ്ട് ഒരു പെണ്‍കുട്ടിയെ നോക്കി കണ്ണൂകാട്ടി. ഹായ് ; നല്ല കുട്ടി . ഇവള്‍ ഹിന്ദുവോ ക്ര്യസ്തനോ? മതമേതായാല്ലും കുട്ടി നല്ലതാണല്ലോ ; അതു‌ മതി . ഞാന്‍ ഗുരുമന്ത്രം മനസ്സിലോര്‍ത്തു .

എങ്കിലും ബസ്സില്‍ കയറി ഒരുമിച്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ അതുവരെ ശേഖരിച്ച ധൈര്യമെല്ലാം വിസ്പറിന്റെ ആഡു പോലെ ചോര്‍ന്നു പോയി . ഗുരുവായുരപ്പാ ; ആദ്യത്തെ രാസലീലാ അറ്റംറ്റാണ് , രക്ഷിക്കണേ ഭഗവാനേ; ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു . ആകെ അങ്കലാപ്പ് , മനസ്സില്‍ ആശയസംഘട്ടനം നടക്കുന്നുന്റെങ്കിലും പുറമേക്കു മാന്യതയുടെ ആവരണമണിഞ്ഞിരുന്നു. ബസ് പതുക്കെ നീങ്ങിത്തുടങ്ങി .

അല്‍പ നേരം കഴിഞ്ഞു .പെണ്കുട്ടി ഈ വശത്തോട്ടു നോക്കുന്ന പോലും ഇല്ല. ഞാന്‍ ഒന്നു മുരടനനക്കി. ങ്‌ഹേ , ഒരു രക്ഷയുമില്ല. ഒന്നു കൂടി ശക്തിയായി മുരടനനക്കി. [ ഇതിനു‌ മുരടനനക്കുക എന്നാണോ കുരക്കുക എന്നാണോ പറയേണ്ടത് ! ]
ഭാഗ്യം ! തിരിഞ്ഞു നോക്കി ..
"ഹും എന്തേ!?"
"ഏയ് ഒന്നൂല്ല്യാ"
അവള്‍ ഒന്നു കൂടി തിരിഞ്ഞിരുന്നു . നിരാശയുടെ പടുകുഴിയിലേക്ക് ഞാനും .

ശ്ശേ , നാശകോടാലിയായിപ്പൊയി.. ഇവളെന്തു കരുതിക്കാണും. ഇതാണ് നമ്മളെക്കൊണ്ട് ഒന്നും പറ്റൂല്ലാന്നു പറയുന്നത് . കൈരളിയില്‍ നിന്നു പൊതിഞ്ഞ പൊറോട്ടയെടുത്ത് തിന്നാലോ ; വയറിന്റെ ജഠരാഗ്നിയെന്കിലും ശമിക്കുമല്ലോ . ഞാന്‍ ചിന്താവിഷ്ടനായി .

അല്‍പ നേരം കൂടി കഴിഞ്ഞു .ബസ് ബന്ഗ്ലൂരിന്റെ പ്രാന്തപ്രദേശന്ഗളിലെത്തി. ചാന്ദ്രകിരണങ്ങലേല്ക്കുമ്പോള്‍് , മന്ദമാരുതനവളുടെ അളകങ്ങളെ തഴുകുമ്പോള്‍ , അവള്‍ കൂടുതല്‍ സുന്ദരിയായി എനിക്കു‌ തോന്നി . തികച്ചും അനുരാഗലോലമായ അന്തരീക്ഷം . വീണ്ടും മനസ്സില്‍ തരളിത ഭാവങ്ങളുണര്‍ന്നു. ഒരു പ്രാവശ്യം കൂടി ശ്രമിച്ചു നോക്കാം.. നമുക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ല .

"ഹലോ "
പെണ്കുട്ടി ചോദ്യഭാവത്തില്‍ ..
"കുറച്ചു വെള്ളം തരുമോ" ; ഞാന്‍ ഹാങ്ങ്‌ ചെയ്തിരുന്ന ബോട്ടില്‍ ചൂണ്ടിക്കാട്ടി . അവള്‍ ബോട്ടില്‍ പാസ് ചെയ്തു .
"താങ്ക്യു ; എന്താ പേര്?"
"നിഷ"
(ഭാഗ്യം റെസ്പൊന്ട് ചെയ്യുന്നുണ്ട് . ഇനി പിടിച്ചു പിടിച്ചു കയറണം .ഞാന്‍ കേട്ടു‌ ഹൃദിസ്ഥമായ കഥകള്‍ മനസ്സിലോര്‍ത്തു )
"എന്ത് ചെയ്യുന്നു ; പഠിക്ക്യാണോ?"
"അതേ"
"എവിടെ?" അവള്‍ കോള്ളേജിന്റെ പേരു പറഞ്ഞു.
"ഞാനിവിടെ സോഫ്റ്റ്‌വെയര്‍ എന്ജിനീയറാ" [ അക്കാലങ്ങളില്‍ ഞാനിതെല്ലാവരോടും പ്രഖ്യപിക്കുമായിരുന്നു. ]
" ആട്ടെ , എന്താ നാട്ടിലേക്ക് പോകുന്നത് , അവധിയാണോ ?"
"എന്റെ അപ്പൂപ്പന്‍ മരിച്ചു പോയി "

" ങേ!!"

ആ ഒരു നിമിഷത്തില്‍ , അവളുടെ അപ്പൂപ്പന്‍ മരിച്ചതിനു ഞാന്‍ അവളെക്കാളധികം
ദുഃഖിച്ചു. ഇനിയെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഞാന്‍ അമൃത ചൈതന്യയെക്കാള്‍ ദുഷ്ടനായിത്തീരും.
"എല്ലാം വിധിയാണു കുട്ടീ , ഒന്നും പറഞ്ഞിട്ടു കാര്യമില്ല." ദീര്‍ഘനിശ്വാസത്തോടെ ഇതു പറയുമ്പോള്‍ ഞാന്‍ എന്റെ വിധി തന്നെയാണുദ്ധേശിച്ചത് . എല്ലാറ്റിനും വേണം ഒരു യോഗം. ഒക്കെ ഒത്തു വന്നതായിരുന്നു.

ഇനി പച്ചക്കിരിക്കാന്‍ ബുദ്ധിമുട്ടാണ് ; ഹോസുരെത്തിയപ്പോള്‍് ചാടിയിറങ്ങി . തൊട്ടടുത്ത ബാറില്‍ നിന്നു നില്‍പ്പനായി രണ്ടെണ്ണം അടിച്ചു . ഏതോ ഡൂപ്ളി സാധനമാണെന്ന് തോന്നുന്നു .. സീറ്റിലിരുന്നതേ ഓര്‍മയുള്ളൂ ; ബോധം പോയി. രാവിലെ എഴുന്നേറ്റപ്പോള്‍് അവളെ കാണാനില്ല. ഞാന്‍ നേരെ വീട്ടിലും പോയി.തിരിച്ചു പൊകുമ്പൊളായിരുന്നു പ്രശ്നം ; ഫ്രണ്ട്സ് എല്ലാം കഥ കേള്‍ക്കാനായി കാത്തിരിക്കുകയാണ് . ഒരു കഥ മെനഞ്ഞാലോ? അങ്ങിനെ ഉദ്ധേശിച്ച് തിരിച്ചു പോയി.

വൈകുന്നേരമായി . എല്ലാവരും എത്തി . ആകാക്ഷയോടെ ഇരിക്കുകയാണ്‌ കഥ കേള്‍ക്കാന്‍ . ഏതായാലും കുപ്പി പൊട്ടിച്ച് തുടങ്ങാം . ഒരു പെഗ്ഗ് അടിച്ചപ്പോള്‍ എനിക്കു‌ തോന്നി, ഞാന്‍ എന്തിനാ സ്വയം വഞ്ചിക്കുന്നത് ; സത്യാവസ്ഥ തുറന്നു പറയാം ..

കാര്യം പറഞ്ഞു കഴിഞ്ഞപ്പോള്‍ ട്രാവല്‍ ഏജന്‍സി ഫ്രണ്ട് നിര്‍ത്താതെ പൊട്ടിച്ചിരിച്ചു,
"എടാ മണ്ടാ നിന്നെ അവളു പറ്റിച്ചൂ .."
"ഹേയ് എന്ത് ; എങ്ങിനെ!?"
"മരണമറിഞ്ഞു പോകുന്ന ആരെങ്കിലും ഒരാഴ്ച മുന്‍‌പേ ബസ് ബുക്ക് ചെയ്യുമോ ? "

അപ്പോഴാനെനിക്ക് ക്ളിക്കായത് , ശരിയാണല്ലോ ! എടീ ദുഷ്ട്ടെ.. അല്ലെങ്കിലും നമ്മളെപ്പോലുള്ള പാവങ്ങളെ പറ്റിക്കാനല്ലേ നിനക്കു പറ്റൂ .. എങ്കിലും ചിലപ്പോഴൊക്കെ ആലോചിക്കുമ്പോള്‍ എനിക്കവളോട് ബഹുമാനവും തോന്നും . പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലാവാത്തത് അവളെങ്ങിനെ മനസ്സിലാക്കി , എന്റെ ഇന്ഗിതം ഇതാണെന്ന് , ഞാന്‍ മാന്യതയുടെ പ്രതിരൂപമായാണല്ലോ അവളോടിടപെട്ടത് !

" അതോ ഇനി കാള വാല്‍ പൊക്കുമ്പോള്‍ തന്നെ അറിയാമോ !!!"

Tuesday, August 26, 2008

ചക്ക ഉണര്‍ത്തിയ നൊസ്റ്റാള്‍ജിയ

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഇടക്കിടെ പാര്‍ട്ടി ഉണ്ടാവാറുണ്ട്. പോട്ട്ലോക്ക് എന്നാണ് അതിനെ അമേരിക്കക്കാര്‍ വിളിക്കാറുള്ള പേര്. അതായത് പാര്‍ട്ടിയിലെ ഐറ്റംസ് പങ്കെടുക്കുന്ന ആള്‍ക്കാര്‍ തന്നെ കൊണ്ടുവന്ന്‍ ഷെയര്‍ ചെയ്തു കഴിക്കുന്ന പരിപാടി. പൊതുവെ എനിക്കീ അമേരിക്കന്‍ ഫുഡ് അത്ര പഥ്യമല്ല . അതുകൊണ്ട് ഞാന്‍ അന്തസ്സായിട്ട് അടുത്തുള്ള ഇന്ത്യന്‍ ഷോപ്പില്‍ നിന്ന്‍ നമുക്കാവശ്യമുള്ള ലഡ്ഡു ,ജിലേബി , പൊക്കവട എന്നിത്യാദി സാധനങ്ങള്‍ വാങ്ങുകയും പാര്‍ട്ടിക്കിടയില്‍ അതുതന്നെ ശാപ്പിടുകയും ചെയ്യും. അപ്പൊ നമ്മള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന പേരുമായി ;ഇഷ്ടമുള്ളതു കഴിക്കുകയും ചെയ്യാം .. എങ്ങനെയുണ്ട് ഐഡിയ ?

കഴിഞ്ഞ ദിവസം പാര്‍ട്ടി നടക്കുമ്പോള്‍ എന്റെ രണ്ടു വയസ്സുകാരന്‍ മകനു കൊടുക്കാനായി ഞാന്‍ കുറച്ചു ബിസ്കറ്റ് എടുത്തു പോക്കറ്റിലിട്ടു. ഇതു കണ്ട മാനേജര്‍ ചോദിച്ചു ;
മകനെ ഓര്‍മ്മിച്ച്ചല്ലേ!
ഞാന്‍ പറഞ്ഞു , അല്ല , ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ് .
സത്യത്തില്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയ വാക്കുകള്‍ ആയിരുന്നു അവ. പറഞ്ഞതിനു ശേഷമാണു ഞാന്‍ എന്തേ അങ്ങിനെ പറഞ്ഞു എന്നു ഗഹനമായി ആലോചിച്ചു നോക്കിയത് .

സ്കൂള്‍ ടീച്ചറായിരുന്ന എന്റെ അമ്മ വല്ലപ്പോഴും സ്കൂളില്‍ നടക്കുന്ന ടീ പാര്‍ട്ടിയിലെ പങ്ക് അങ്ങിനെ തന്നെ പൊതിഞ്ഞു കൊണ്ടു വരുകയും ഞാനും എന്റെ അനുജത്തിയും കൊണ്ടുവന്ന ആളിനോട്‌ ഒരു പൊട്ടു വേണോ എന്നു പോലും ചോദിയ്ക്കാതെ കാലിയാക്കുകയും ചെയ്യുമായിരുന്നു.

ഓര്‍മ്മകള്‍ വല്ലാതെ തികട്ടി വന്നപ്പോള്‍ ഞാന്‍ അന്നു‌ രാത്രി അമ്മയെ വിളിച്ചു.ഈ സംഭവം പറഞ്ഞപ്പോള്‍ എന്തോ അമ്മ പെട്ടന്നു കരഞ്ഞു. എനിക്കും വിഷമമായി.പക്ഷേ അതേസമയം മനസ്സില്‍ നിന്നു മനസ്സിലേക്ക് സ്നേഹത്തിന്റെ തരംഗങ്ങള്‍ സഞ്ചരിച്ച മനോഹരമായ നിമിഷങ്ങള്‍ കൂടിയായിരുന്നു അത് .

ഞങ്ങള്‍ ഇത്ര അകലെയായിരുന്നിട്ടു കൂടി അമ്മയുടെ വളരെ അടുത്തിരിക്കുന്ന പ്രതീതി എനിക്കുണ്ടായി ; അല്ലെങ്കിലും മനസ്സുകള്‍ തമ്മിലുള്ള ദൂരമാണല്ലോ ഏറ്റവും വലിയ ദൂരം. ഏതായാലും പിന്നീടു മകനെ ലാളിക്കാറുള്ള സമയത്തു എന്നെയും ഇതുപോലെ നോക്കിയിട്ടുണ്ടാവില്ലേ എന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാന്‍ ഈ സംഭവം പ്രേരണയായി.

നമ്മുടെ മനസ്സില്‍ ഗൃഹാതുരത്വസ്മരണകളുണര്ത്താന് ബന്ധുക്കളെ ക്കുറിച്ച് മാത്രം ചിന്തിക്കണമെന്നില്ല. ഉദാഹരണത്തിനു ഈയിടെ സുപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചപ്പോള്‍ അപൂര്‍വമായി മാത്രം ഇവിടെ ലഭിക്കുന്ന ചക്ക കാണുവാനിടയായി. കണ്ട മാത്രയില്‍ തന്നെ മകന്‍ ചോദിച്ചു ; 'ഇതെന്താ സാനം' . കുട്ടിക്കാലത്തു നിന്റെ പപ്പ ഏറ്റവുമധികം തിന്നു കൂട്ടിയ സാധനമാണു മോനേ ഈ ചക്ക എന്നാ രണ്ടു വയസ്സിന്റെ ബുദ്ധിയില്‍ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും!

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല , ഇവനെ ചക്ക തീറ്റിപ്പിച്ചു തന്നെ വേറെ കാര്യം.ഉടനെ വാങ്ങി ബില്ലു പേ ചെയ്തു.ചക്ക ചുമന്നു കാറിലേക്കു നടക്കുമ്പോള്‍ വെറുതേ ഒരാപത്ശങ്ക; എവിടെയോ എന്തോ പിഴച്ചിട്ടില്ലേ ? ഹേയ് തോന്നിയതാവും..
പക്ഷേ കാര്‍ ഓടിക്കുംപോളും മനസ്സില്‍ അതേ ചിന്ത . വെറുതേ ബില്‍ എടുത്തു നോക്കി ; ഞെട്ടിപ്പോയി!

ചക്കയുടെ നേര്‍ക്കു എഴുതി വെച്ചിരിക്കുന്നു മുപ്പത്തഞ്ചു ഡോളര്‍ ! കാറ്‌ സൈഡാക്കി. അല്ലെങ്കിലും സമനില തെറ്റിയാല്‍ പിന്നെ വണ്ടിയോടിക്കരുത് . ഭഗവാനേ ഇതു കൊണ്ടെങ്ങിനെ വീട്ടില്‍ ചെല്ലും? അല്ലെന്കിലെ എന്നെ തനിയെ ഷോപ്പിങ്ങിനു വിടാന്‍ ഭാര്യക്ക്‌ തീരെ താത്പര്യം ഇല്ല; ഇനി 1500 രൂപ കൊടുത്ത് ഒരു ചക്കയും വാങ്ങി അവളുടെ മുന്നില്‍ ചെന്നു പെടുന്ന കാര്യം ആലോചിക്കാന്‍ കൂടി വയ്യ. വാങ്ങുന്ന സമയത്തു ഒരു ചക്കക്കെന്തു വില വരാനാ എന്നു മാത്രമേ ചിന്തിച്ചുള്ളൂ.ആള്‍ക്കാര്‍ കഷണം കഷണമായി വാങ്ങിയതിന്റെ പൊരുള്‍ ഇപ്പളല്ലേ പിടി കിട്ടിയത്. ഇനിയിപ്പോള്‍ റോഡില്‍ ചിന്തിച്ചിരുന്നിട്ടെന്താ പ്രയോജനം ; പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ , ഒരു കാര്യം ചെയ്യാം. വില നേരെ പകുതിയാക്കാം.

വീട്ടിലെത്തി ; എടീ ഒരപൂര്‍വ സാധനം കിട്ടിയിട്ടുണ്ട് ; ചക്ക കണ്ടപാടെ ഭാര്യയുടെ മുഖത്തു സൂര്യനുദിക്കുകയും വില കേട്ടപ്പോള്‍ അസ്തമിക്കുകയും ചെയ്തു . നിങ്ങളുടെ തലക്ക് ഒന്നും പറ്റീട്ടില്ലാലോ , 800 ഉറുപ്പികക്ക് ചുമന്നു കൊണ്ടു വന്നിരിക്യാണ് ഒരു ചക്ക! ഇതായിരുന്നു അവളുടെ ആദ്യ പ്രതികരണം. അതു‌ പ്രതീക്ഷിച്ചതായത് കൊണ്ട് എനിക്ക് പത്യെകിച്ച്ചോന്നും തോന്നിയില്ല . അല്ലെങ്കില്‍ത്തന്നെ എത്ര കേട്ടിരിക്കുന്നു!

പക്ഷേ എന്താ , എല്ലാവരും കയ്യില്‍ എണ്ണ തേച്ചു ചക്കക്കു മുന്നിളിരുന്നപ്പോളേ എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ വന്നു. അല്ലെങ്കിലും കുടുംബാംഗങ്ങളെ ഒരുമിച്ചു വട്ടത്തിലിരുത്താന് ചക്കക്കുള്ളത്ര വിരുത് വേറെ ഒരു പഴത്തിനുമില്ല. ആദ്യത്തെ വെട്ടു വെട്ടിയശേഷം ഞാന്‍ പറഞ്ഞു . നമ്മള്‍ ഒരു മത്സരമല്ല ഉദ്ദേശിക്കുന്നത് ,അതുകൊണ്ട് ചുള ഒക്കെ ഒരു മോഹത്തിന് മാത്രം തിന്നാല്‍ മതി ;നമ്മുടെ എല്ലാ ചക്ക മോഹങ്ങളും ഇതുകൊണ്ടു തീര്ക്കാനുള്ളതാണു . അപ്പോള്‍ ഭാര്യ പറയുകയാണ്; ഇതു ഞാന്‍ നിങ്ങളോട് പറയാനിരുന്നതാണ്,ആദ്യം സൂക്ഷിക്കേണ്ടത് നിങ്ങള് തന്നേണ് എന്ന്.ഇങ്ങനെ തര്‍ക്കുത്തരം പറയുന്ന ഒരു ഭാര്യ!

ഏതായാലും അടുത്ത രണ്ടു ദിവസങ്ങളില്‍ വെറും ചക്ക തിന്നതിന് പുറമെ ചക്കക്കുരു ഉപ്പേരി,ചക്ക പ്രഥമന്‍ എന്നിങ്ങനെയുള്ള വിഭവങ്ങളും വെച്ചുകൊണ്ട് ചക്കയെ ഞങ്ങള്‍ പരമാവധി മുതലാക്കി. അവസാനം കുറച്ചു ചകിണി മാത്രം ബാക്കി വന്നു .

അതേയ് , ഈ ചകിണി എന്താ ചെയ്യാ ? ഞാന്‍ ഭാര്യയോടു ചോദിച്ചു .
"നമ്മുടെ നാട്ടിലാണെങ്കില്‍ പശുവിനു കൊടുക്കാണ് പതിവ് ; പക്ഷേ ഇതിനി പശു പോലും തിന്നുമെന്നു തോന്നിണില്ലാ , അത്രത്തോളം ചുരണ്ടി എടുത്തിരിക്കുണൂ..."
"അല്ലാ പശുവിനു തിന്നാച്ച്ച്ചാ ; ഞാന്‍ അര്‍ദ്ധോക്തിയിയില്‍ നിറുത്തി .
ഭാര്യ ഒരു നിമിഷം എന്നെ ഉറ്റുനോക്കി . പിന്നെ പൊട്ടിച്ചിരിച്ചു .

യഥാര്‍ത്ഥ വില അറിഞ്ഞിരുന്നെങ്കില്‍ ഇവളീ ചോദ്യം എന്നോടു‌ ചോദിച്ചേനെ എന്നുറപ്പുള്ളതുകൊണ്ട് ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. പശ്ചാത്തലത്തില്‍ ഒരു മനോഹരമായ സിനിമാ ഗാനം മുഴങ്ങി .

" ചക്കപ്പഴം ഒന്നൊന്നായി മുറ്റത്തെങ്ങും
മേലെ പ്ലാവില്‍ നിന്നും പോഴിഞ്ഞല്ലോ "

Sunday, October 21, 2007

ഇംഗ്ലീഷ്‌ ഗ്രാമറും ലിറ്ററേച്ചറും പിന്നെ ഞാനും..

വിദ്യാഭ്യാസ കാലത്ത്‌ എന്നെ എറ്റവും ബുദ്ധിമുട്ടിച്ചിട്ടുള്ള വിഷയം ഇംഗ്ലീഷായിരുന്നു. എന്നാല്‍ ഇപ്പൊള്‍ സ്ഥിതി മറിച്ചാണ്‌. ഞാനല്ല, ബാക്കി ഉള്ളവരാണ്‌ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്‌.

ഈ ഭാഷയുടെ ഒരു പ്രധാന പൊരായ്മ അതു വിനിയൊഗിക്കാനുള്ള പദസമ്പത്തു ആര്‍ജ്ജ്ജ്ജിച്ചാല്‍ മാത്രം പോര, ഉച്ചാരണ പാടവം(പ്രൊനൌന്‍സിയേഷന്‍) കൂടി സ്വായത്തമാക്കണം. ഞാനൊക്കെ ഒരു 5 മിനിട്ടു അപരിചിതരോട്‌ ഇംഗ്ലീഷ്‌ സംസാരിച്ചാല്‍ മതി അവര്‍ ഒരു കണ്ടുപിടുത്തം നടത്തിയ മാതിരി ഇങ്ങോട്ടു ചോദിക്കും; 'സോ യൂ ആര്‍ എ മല്ലു റൈറ്റ്‌?.

ഏന്റെ ആദ്യത്തെ അമേരിക്കന്‍ യാത്രക്കു തൊട്ടു മുമ്പെ ഈ പ്രൊനൌന്‍സിയേഷന്‍ പ്രശ്നം എന്നെ വീണ്ടും അലട്ടാന്‍ തുടങ്ങി. നമ്മള്‍ പറയുന്നതൊന്നും അമേരിക്കക്കാര്‍ക്കു മനസ്സിലായെങ്കിലോ..പ്രശ്നപരിഹാരാര്‍ത്ഥം ഞാന്‍ എന്റെ സുഹ്രുത്ത്‌ ജിജോജോസിനെ സമീപിച്ചു.(അല്ലെങ്കിലും ഞങ്ങളുടെ പ്രായോഗിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക്‌ എന്നും ഒരത്താണിയാണ്‌ അദ്ദ്യേഹം.).നിനച്ച പോലെ തന്നെ അവന്‍ ഒരു പോംവഴി പറഞ്ഞു തന്നു. നമ്മള്‍ വായില്‍ തുപ്പല്‍ നിറച്ച്‌ ചുണ്ടത്തു മിക്സ്‌ ചെയ്ത്‌ വെറുതേ സംസാരിച്ചാല്‍ മതി,അമേരിക്കക്കാരുടെ അതേ പ്രൊനൌന്‍സിയേഷന്‍ കിട്ടുമത്രേ!'
എടാ ഇതു നടക്ക്വോ'?
പിന്നേ , ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ അങ്ങനെയല്ലെ പിടിച്ചുനിന്നത്‌.

അവന്‍ അതിനെ സപ്പോര്‍ട്ട്‌ ചെയ്തു. [ജിജോ കഴിഞ്ഞ ഒരു കൊല്ലമായി അമേരിക്കയിലാണ്‌, വരണ്ട വായുമായി ജീവിക്കുകയായിരിക്കും പാവം!].
ഞാന്‍ ഒന്നു രണ്ടു വാചകം പറഞ്ഞു നോക്കിയപ്പോള്‍; 'കൊള്ളാം' പറ്റുന്നുണ്ട്‌.ഒരു കാര്യം അവന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു,നല്ല പ്രാക്ടീസ്‌ വേണം, ആള്‍ക്കാരുടെ മുഖത്ത്‌ തുപ്പല്‍ തെറുപ്പിച്ച്‌ അവിടുന്ന്‌ അടിയും വാങ്ങി വരരുത്‌. അവന്റെ അത്രയും തൊലിക്കട്ടി ഇല്ലാത്തതുകൊണ്ട്‌ ഞാന്‍ ആ ഐഡിയ ഉപേക്ഷിക്കുകയാണുണ്ടായത്‌.

ഞാന്‍ പഠിക്കുന്ന കാലത്ത്‌ എന്റെ വീടിനു സമീപം 'ഗോപാലന്‍ മാഷ്‌' എന്നയാള്‍ ഇംഗ്ലിഷ്‌ റ്റ്യൂഷന്‍ എടുക്കാറുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധ്യാപനരീതി വ്യത്യസ്‌തമായിരുന്നു. വന്ന ഉടനെ എല്ലാ കുട്ടികള്‍ക്കും ഒരു ഇംഗ്ലീഷ്‌ വ്യാകരണ ചോദ്യ പേപ്പര്‍ വിതരണം ചെയ്യും! ഏല്ലാ പേപ്പറുകളിലും 'പാസ്റ്റ്‌ കണ്ടിന്ന്യസ്‌,'ഫ്യൂച്ചര്‍ പേര്‍ഫെക്റ്റ്‌ കണ്ടിന്ന്യസ്സ്‌', എന്നിങ്ങനെ കടിച്ചാല്‍ പൊട്ടാത്ത കുറെ കാലങ്ങള്‍ ഉണ്ടാവും.കുട്ടികള്‍ അവര്‍ക്കു തോന്നിയ പോലെ ഉത്തരം എഴുതിക്കഴിഞ്ഞാല്‍ മാഷ്‌ ശരിയായ വ്യാകരണ ഉത്തരം വായിക്കും;അത്ര തന്നെ,കുട്ടികള്‍ക്ക്‌ അതു മനസ്സിലാവുന്നുണ്ടോ ഏന്നൊന്നും മൂപ്പര്‍ക്കു പ്രശ്നമല്ല. ഏന്നും സിമ്പിള്‍ ഇംഗ്ലീഷിന്റെ വക്താവായിരുന്ന എനിക്ക്‌ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവും ലഭിച്ചില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ ഗോപാലന്‍ മാഷിന്റെ റ്റ്യൂഷനു പോകാന്‍ ഇഷ്ടപ്പെട്ടു. ഒന്നാമതു മാഷ്‌ ഉത്തരങ്ങള്‍ തെറ്റിയാലും ഒന്നും പറയാറില്ല, അതിലും പ്രധാനം മാഷ്‌ റ്റ്യൂഷന്‍ ഫീ ചോദിച്ചു വാങ്ങാറില്ല.പൈസയുടെ അത്യാവശ്യം കാരണം വീട്ടില്‍ നിന്നു മുറക്കു തന്നിരുന്നറ്റ്യൂഷന്‍ ഫീസ്‌ ഞാന്‍ ഒന്നു രണ്ടു തവണ മറിച്ചു. മാഷ്‌ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എന്റെ അത്യാവശ്യങ്ങള്‍ വര്‍ദ്ധിച്ചു.

നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കരുതെന്നൊരു ചൊല്ലുണ്ട്‌. അള മുട്ടിയാല്‍ ചേരയും കടിക്കും എന്നും ഒരു ചൊല്ലുണ്ട്‌.എന്റെ കാര്യത്തില്‍ ഈ രണ്ടു ചൊല്ലുകളും യോജിച്ച ഒരു ദിവസം മാഷ്‌ പതിവിനു വിപരീതമായി റ്റ്യൂഷന്‍ ക്ലാസ്സില്‍ വാചാലനായി.

"കുട്ടികളേ നിങ്ങള്‍ മാതാ പിതാ ഗുരു ദൈവം എന്ന വാക്യം കേട്ടിട്ടുണ്ടൊ?". ചോദ്യപേപ്പറുമായി മല്ലിക്കെട്ടിയിരുന്ന ഞാന്‍ ഇതെന്തു പുതുമ എന്നോര്‍ത്തു ചെവി കൂര്‍പ്പിച്ചു. മാഷ്‌ തുടര്‍ന്നു."ഇവര്‍ ദൈവസമരാണ്‌ എന്നോര്‍മ്മിപ്പിക്കുന്ന വാക്യമാണിത്‌. പക്ഷേ മാതാപിതാക്കളെയും ഗുരുവിനെയും ഒരുമിച്ചു പറ്റിക്കുന്ന ചിലരുണ്ട്‌... ദാ ഇവനെപ്പോലെ" അവസാന വാചകം പറഞ്ഞതും എന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടിയതും ഒരുമിച്ചായിരുന്നു.ഒന്നു ചമ്മാന്‍ പോലും സാധിക്കാതെ ആ റ്റ്യൂഷന്‍ ക്ലാസ്സില്‍ ഞാന്‍ തരിച്ചിരുന്നു. മുന്‍ബെഞ്ചിലെ പാദസരങ്ങള്‍ പൊട്ടിച്ചിരിച്ചു. മുക്കാലിയില്‍ കെട്ടി അടിക്കുകയായിരുന്നു മാഷേ ഇതിലും ഭേദം!.

മാനത്തിനു വല്ലാതെ ഗ്ലാനി സംഭവിച്ചതു കാരണം എനിക്കാ റ്റ്യൂഷന്‍ ക്ലാസ്സില് ‍അധികകാലം തുടരാന്‍ സാധിച്ചില്ല. പത്താംക്ലാസ്സിലെ ഇന്ദുലേഖ ഞാന്‍ കാണാപ്പാഠംപഠിച്ചു പാസ്സായി. [മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ ഇംഗ്ലീഷില്‍ പഠിക്കാന്‍ ഏര്‍പ്പെടുത്തിയവനെ തല്ലണം;പക്ഷെ പകരം ധര്‍മരാജ തന്നതുകൊണ്ടു ക്ഷമിക്കാം അല്ലേ]

അതു പോട്ടെ, ഈ മാനഹാനിക്കു കാരണം എന്റെ കയ്യിലിരിപ്പാണെന്നു വെയ്ക്കാം, നമ്മുടെ ഇംഗ്ലീഷ്‌ വിവരം നാട്ടുകാര്‍ക്കു മുന്‍പില്‍ വെളിപ്പെട്ടൊരു സംഭവമുണ്ട്‌. പത്താം ക്ലാസ്സു കഴിഞ്ഞ്‌കോളേജ്‌ കുമാരനാവാന്‍ കാത്തിരിക്കുന്ന കാലം. എല്ലാ ഹോട്ടലിലും കയറി ഇന്‌ധനം നിറക്കുന്ന ശീലമുണ്ടായിരുന്നതു കൊണ്ട്‌ വയറു വേദന എന്റെ സന്തതസഹചാരിയായിരുന്നു.വേദന സ്ഥിരമായപ്പോള്‍ ഡോക്ടറെ കണ്ടു കളയാം എന്നു തീരുമാനിച്ചു. അദ്ദേഹം വീട്ടില്‍ തന്നെയാണ്‌ പ്രാക്ടീസ്‌ ചെയ്യുന്നത്‌. ഈ സന്ദര്‍ശനത്തിനു പിന്നില്‍ രണ്ടുദ്ദേശമുണ്ട്‌. ഡോക്ടറെയും കാണാം, പറ്റുവെങ്കില്‍ ഡോക്ടറുടെ ഇളയ മകളെയും കാണാം. ഒരു നയനസുഖം,അത്ര തന്നെ.

അടിപൊളിയായി ഒരുങ്ങി ഡോക്‌ടറുടെ വീട്ടിലെത്തി, പൂമുഖത്തേക്കു പാളി നോക്കി; ഇല്ല..കുട്ടി ഇല്ല. ശരി, വന്ന കാര്യം നടക്കട്ടെയെന്നു കരുതി ഡോക്‌ടറുടെ മുറിയില്‍ കയറി ഇരിപ്പായി.

പരിശോധനക്കു ശേഷം ഡോക്‌ടര്‍ പറഞ്ഞു."സ്റ്റൂള്‍ ടെസ്റ്റ്‌ നടത്തണം, നാളെ നീ സ്റ്റൂള്‍ കൊണ്ടുവരണം"ഞാനാകെ അന്ധാളിച്ചു.വയറുവേദനയും സ്റ്റൂളും തമ്മിലെന്തു ബന്ധം?സ്റ്റൂളില്‍ കയറി നില്‍ക്കാനാണോ? അതിനു ഞാന്‍ പൊക്കിപ്പിടിച്ചു വരണതെന്തിനാ?

ആശങ്കാകുലനായി ഞാന്‍ പറഞ്ഞു."വീട്ടില്‍ സ്റ്റൂള്‍ ഇല്ല ഡോക്‌ടര്‍.
ഡോക്‌ടര്‍ : "ഇന്നു വേണ്ടെഡോ നാളെ മതി"!
"അല്ല ഡോക്‌ടറേ, ഇവിടെ സ്റ്റൂള്‍ ഇല്ലേ"? ഞാന്‍ നിഷ്‌കളങ്കമായി ചോദിച്ചു.
ഡോക്‌ടര്‍ക്കാകെ അരിശം വന്നു. "ഇവിടുത്തേതു കൊണ്ടെന്തഡോ കാര്യം? നീ നാളെ കൊണ്ടു വരുന്നുണ്ടോ?ഞാന്‍: "അതല്ല, സ്റ്റൂളിന്റെ ഒരു കാല്‍ ഒടിഞ്ഞതാ;കസേര മതിയോ?

പിന്നെ ഞാന്‍ കാണുന്നതു ഡോക്ടര്‍ വീണുകിടന്ന്‌ ചിരിക്കുന്നതാണ്‌.കാര്യമറിഞ്ഞപ്പോള്‍ എനിക്കവിടുന്ന്‌ രക്ഷപ്പെട്ടാല്‍ മതിയെന്നായി.ഇയാളിനിയിതൊക്കെ വീട്ടില്‍ പാട്ടാക്കി, എങ്ങെനെ ഇനിയാ പെണ്ണിന്റെ മുഖത്തു നോക്കും എന്നായിരുന്നു തിരിച്ചുനടക്കുമ്പോള്‍ എന്റെ ചിന്ത.

Monday, February 19, 2007

കള്ളന്‍ പവിത്രന്‍

മോഷണം ഒരു കലയാണ്‌!64 കലകളില്‍ ഒന്ന്‌!ഒരു കാലത്ത്‌ അത്‌ ആസ്വദിച്ചു ഞങ്ങള്‍ ചെയ്തിട്ടുണ്ട്‌.ആ കുറ്റകൃത്യങ്ങള്‍ ആരെയും വേദനിപ്പിച്ചില്ലെന്നു ബോധ്യമുള്ളതിനാല്‍ ഇവിടെ കുറിക്കട്ടെ.
സാധാരണ ഞങ്ങള്‍ മാസാമാസം പഴയ പത്രങ്ങള്‍ പലചരക്കു കടക്കാര്‍ക്കു കൊടുക്കാറാണു പതിവ്‌. ഒരിക്കല്‍ മോഹനേട്ടന്‍ ആ പതിവ്‌ തെറ്റിച്ച്‌ താമ്പാളം(ആക്രി)ഹൊള്‍സേലില്‍ വില്‍ക്കുന്ന കടയില്‍ പത്രം വില്‍ക്കാന്‍ കൊടുത്തു.അവിടത്തെ വിലപട്ടികകള്‍ അദ്ദേഹത്തെ അമ്പരപ്പിക്കുകയും ഞങ്ങള്‍ ഇതുവരെ അറിയാത്ത ഒരു വാണിജ്യമുഖം തുറക്കാന്‍ അവ പ്രേരിപ്പിക്കുകയും ചെയ്തു.

ഇരുമ്പ്‌ (കിലോ) - 4.5 രൂപ
പ്ലാസ്റ്റിക്ക്‌(കി) - 20 രൂപ
അലുമിനിയം(30രൂപ),
ചെമ്പ്‌(50 രൂപ).

ഇങ്ങനെയായിരുന്നു വിലകളുടെ ഏകദേശ രൂപം.തിരിച്ചു വന്ന മോഹനേട്ടന്‍ ഇതു ഞങ്ങളോട്‌ അവതരിപ്പിച്ചു. കാലാകാലങ്ങളായി ഞങ്ങളുടെ പ്രദേശത്തെ അമ്മമാര്‍ക്ക്‌ തുച്ഛവില നല്‍കി താമ്പാളക്കാര്‍ വാങ്ങിക്കൊണ്ടു പോകുന്ന സാമഗ്രികള്‍ക്ക്‌ ഇത്രയും വിലയോ?ഒരു കിലോ ഇരിമ്പു സംഘടിപ്പിക്കാന്‍ എത്ര സമയം വേണം!.ചര്‍ച്ച അവസാനിക്കുമ്പോളേക്കും പലരുടെയും മനസ്സില്‍ വ്യക്തമായ പദ്ധതികള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ആദ്യത്തെ പടിയായി വീട്‌ അരിച്ചു പെറുക്കി,കിട്ടിയ സാമാനങ്ങള്‍ കൊണ്ടുപോയി വിറ്റു. പത്തുപതിനഞ്ചു രൂപ കിട്ടി.സന്തോഷം അളവറ്റതായിരുന്നു.പിന്നീടെന്റെ കണ്ണില്‍ കാണുന്നതെല്ലാം താമ്പാളമായി. ഉദാഹരണത്തിന്‌ ഒരു അലുമിനിയ കുടം കണ്ടാല്‍ ഞാന്‍ അതില്‍ ഒരു താമ്പാളരൂപം ദര്‍ശിക്കും.വീട്ടിലെയും പറമ്പിലെയും സ്റ്റോക്ക്‌ തീര്‍ന്നുതുടങ്ങിയപ്പോള്‍ പറമ്പ്‌ കിളച്ചും പഴയകാല താമ്പാളങ്ങള്‍ പുറത്തെടുത്തു തുടങ്ങി.

ഏതായാലും ഇതു ഞങ്ങളുടെ സാമ്പത്തികസ്‌ഥിതിയില്‍ വമ്പിച്ച മാറ്റമുണ്ടാക്കി.ഞങ്ങള്‍ മണ്ണാര്‍ക്കാട്ടിലെ ഹോട്ടലുകളില്‍ നിത്യസന്ദര്‍ശകരായി.ഇടക്കിടക്ക്‌ പൈസക്ക്‌ കൈ നീട്ടില്ലലൊ എന്നോര്‍ത്ത്‌ മാതാപിതാക്കളും സൗകര്യപൂര്‍വം കണ്ണടച്ചു.പക്ഷെ അനിയന്ത്രിതമായ വില്‍പന മൂലം വീട്ടിലും നാട്ടിലും മരുന്നിനു പോലും താമ്പാളം കാണാത്ത സ്‌ഥിതിയായി.ഫലം! മൂഷികസ്‌ത്രീ വീണ്ടും മൂഷികസ്‌ത്രീ!

ഞങ്ങളുടെ വീടുകള്‍ക്കു സമീപം ഹരിജന്‍ കുട്ടികള്‍ക്കു താമസിക്കാനായി ഒരു ഹോസ്റ്റല്‍ ഉണ്ടായിരുന്നു.അവര്‍ക്കു കളിക്കാന്‍ ഒരു ഗ്രൗണ്ടും.വേനലവധിക്ക്‌ അവര്‍ എല്ലാം വീട്ടില്‍ പോകുമ്പോള്‍ സമീപവാസി കുട്ടികളുടെ സാമ്രാജ്യമായിത്തീരും ആ സ്ഥലങ്ങള്‍! അവിടെ ഞങ്ങള്‍ ക്രിക്കറ്റ്‌ പിച്ചൊരുക്കും. ഗ്രൗണ്ടിന്റെ രൂപഘടന നിമിത്തം ബാറ്റു ചെയ്യുമ്പോള്‍ ലെഗ്‌സൈഡില്‍ ഒരു തൊടിയായിരുന്നു. അവിടെക്കു ബോള്‍ പോയാല്‍ ലഭിക്കാന്‍ വിഷമമായതു കൊണ്ട്‌ ലെഗ്‌സൈഡില്‍ ഉയര്‍ത്തി അടിച്ചാല്‍ 'ഔട്ട്‌' എന്ന നിയമം വെച്ചു.[ഇതു കൊണ്ടുണ്ടായ ഒരു വലിയ ഗുണം ഞങ്ങള്‍ എല്ലാവരും നല്ല ഓഫ്‌സൈഡ്‌ പ്ലയേര്‍സ്‌ ആയി എന്നുള്ളതാണ്‌].

ഒരു ദിവസം കളിക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ബാബു അടിച്ച പന്ത്‌ തൊടിയില്‍ പോയി.മതിലു ചാടി അപ്പുറത്തു പോയ അവന്‍ പന്തിനു പുറമേ മതിലിനു പുറത്തൊട്ടിട്ടത്‌ ഒരു നിധിയായിരുന്നു.മണ്ണു പുരണ്ട നീളത്തിലുള്ള ഇരിമ്പു കഷ്‌ണം!സൂക്‌ഷിച്ചു നോക്കിയപ്പോള്‍ ഇലക്ട്രിസിറ്റി പോസ്‌റ്റില്‍ കുറുകെ വെയ്ക്കുന്ന ദണ്ഡ്‌.ഏതായാലും അവന്‍ അതില്‍ ഉടമസ്‌ഥവകാശം സ്‌ഥാപിച്ച്‌ ഉച്ചക്ക്‌ സാധനം താമ്പാള കടയില്‍ കൊടുക്കേണ്ട കാര്യം ആലോചന തുടങ്ങി.അവന്‍ കുറച്ച്‌ ഡീസന്റ്‌ പാര്‍ട്ടി ആയതു കൊണ്ട്‌ അങ്ങാടിയില്‍ കൂടി തമ്പാളം കൊണ്ടുപോകാന്‍ അവനൊരു മടി. ഞാന്‍ അവനെ ആ ഉദ്യമത്തില്‍ രണ്ടുര്‍പ്യക്ക്‌ സഹായിക്കാമെന്നേറ്റു.

അപ്പോഴാണ്‌ മോഹനേട്ടന്‍ അങ്ങാടിയില്‍ പോയി വരുന്ന വഴി ഹോസ്‌റ്റലില്‍ കയറിയത്‌.സംഗതികളുടെ കിടപ്പറിഞ്ഞ മോഹനെട്ടന്‍ ആദ്യം തൊടിയില്‍ ചാടി നോക്കി.ഒന്നും കിട്ടിയില്ല!അതിനു ശേഷം സാധനം കയ്യില്‍ വെച്ച്‌ ആയം വെച്ചു നോക്കിയപ്പോള്‍ ഒരു നാലുനാലര കിലോ ഭാരം മോഹനേട്ടനു തോന്നി. അതായതു ഇരുപതോളം രൂപ!മോഹനെട്ടന്‍ പെട്ടന്നു ബാബുവിനോടു പറഞ്ഞു. ബാബ്യോ ഇതു കൊണ്ടുപോയാ ചിലപ്പൊ ഒരു 10-12 ഉര്‍പ്യ കിട്ടും,ഒരു പത്തുര്‍പ്യക്ക്‌ എനിക്കു തരുണോ?വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌,രോഗി ഇച്ഛിച്ചതും പാല്‌. നഷ്ടം കമ്പൗണ്ടര്‍ക്കു മാത്രം! നടുക്കു നിന്ന എന്നെ ആവിയാക്കി അവര്‍ കച്ചവടം ഉറപ്പിച്ചു.അപ്പോള്‍തന്നെ മോഹനേട്ടന്‍ കൈയ്യിലുള്ള പത്തു രൂപ ബാബുവിനു കൊടുത്ത്‌ ഒരു ജേതാവിനെ പോലെ സാധനവുമായി സ്‌ഥലം വിട്ടു. നിരാശനായ എന്നെ ബാബു സിനിമക്കു കൊണ്ടുപോകാം എന്നു പറഞ്ഞ്‌ സമാശ്വാസിപ്പിച്ചു.

അന്നു മൂന്നാം പക്കം എന്ന ജയറാമിന്റെ സിനിമ കളിക്കുന്നുണ്ട്‌. ഉച്ചക്കു തന്നെ ഞാനും ബാബുവും മാറ്റിനിക്കു പോയി,മോഹനേട്ടന്‍ മനപ്പായസമുണ്ട്‌ താമ്പാളക്കടയിലേക്കും.അവിടെ വെച്ചാണ്‌ മോഹനേട്ടനൊട്‌ ആ ഞെട്ടിപ്പിക്കുന്ന സത്യം തമ്പാളക്കാരന്‍ പറയുന്നത്‌.

തമ്പാള: മോഹനാ ഇതു എടുക്കില്ലല്ലോ!
മോഹനേട്ടന്‍: എന്തേ?!
താമ്പാള : അതോ, ഇതു ഗവര്‍മെന്റു സാധനാ,ഇതു വിറ്റാ ഞങ്ങളെ പിടിക്കും.

മോഹനേട്ടനു ഭൂമി പിളരുന്നതു പോലെ തോന്നി,കണ്‍ട്രോളു വീണ്ടു കിട്ടിയപ്പോള്‍ അടുത്ത താമ്പാളക്കടയിലേക്കൊടി.അവരും ഇതുതന്നെ പറഞ്ഞു.ഞങ്ങള്‍ സിനിമയില്‍ ജയറാം മുങ്ങിച്ചാവുന്ന കാഴ്ച കണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും അതിനു സമാനമായ അവസ്ഥയിലായിരുന്നു.മോഹനേട്ടന്റെ ദയനീയ മുഖം കണ്ടു മനസ്സലിഞ്ഞ ഒരു താമ്പാളക്കാരന്‍ പറഞ്ഞു.നീ ഇതിന്റെ രൂപം ആകെ മാറ്റിക്കൊണ്ടു വന്നാല്‍ എടുക്കാം.

പിറ്റേന്നു രാവിലെ ഞങ്ങളുടെ ഭാഗത്ത്‌ പ്രഭാതം പൊട്ടിവിടര്‍ന്നത്‌ പക്ഷികളുടെ കളകൂജന ശബ്‌ദം കേട്ടിട്ടല്ലാ മറിച്ച്‌ ഇരിമ്പും ഇരിമ്പും കൂട്ടിമുട്ടുന്ന ഘോരശബ്‌ദം കേട്ടിട്ടായിരുന്നു!രാവിലെ കളിക്കാന്‍ വന്ന ഞാന്‍ മൊഹനേട്ടന്റെ വീട്ടിലേക്ക്‌ എത്തിനോക്കി. ആളെ കാണാത്തപ്പോള്‍ മോഹനേട്ടന്റെ അമ്മയോട്‌ ചോദിച്ചു. എവിടെ മോഹനേട്ടന്‍? മോഹനേട്ടന്‍!! ഒരു പുത്തന്‍ കോടാലിടെ വായ്‌ത്തലേണ്‌ ചെക്കന്‍ നശിപ്പിച്ചത്‌, ആ പിന്നാമ്പ്രത്തു പോയി നോക്ക്‌. അവര്‍ ആക്രൊശിച്ചു.ഞാന്‍ പിന്നിലേക്കു പോയി.

അവിടത്തെ കാഴ്ച ഒരു യുദ്ധക്കളത്തിനു സമാനമായിരുന്നു!! ഇരുമ്പു കഷ്ണം കുറുകെ വെച്ച്‌ കൂടം കൊണ്ട്‌ ആഞ്ഞാഞ്ഞടിക്കുന്ന മോഹനേട്ടന്‍! എന്നോടൊന്നും മിണ്ടുന്നില്ല, ഒരു പത്തു മിനിട്ടു കഴിഞ്ഞു ഇതു മാത്രം ചോദിച്ചു, എവിടെ ബാബു? ആ മുഖഭാവം കണ്ടപ്പോള്‍ ബാബുവിനെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ മോഹനേട്ടന്‍ ആ ദണ്‌ഡിനു പകരം കുറുകെ വെച്ചേനെ എന്നെനിക്കു തോന്നി. ആ ദേഷ്യം എന്നോടു കൂടി തോന്നുന്നതിനു മുന്‍പ്‌ അവിടെ നിന്നു സ്ഥലം വിട്ടു.

പക്ഷെ വൈകുന്നെരത്തവിടെ സന്ദര്‍ശിച്ചപ്പോള്‍ മോഹനേട്ടന്റെ അധ്വാനത്തിനു ഫലം കിട്ടിയെന്നു എനിക്കു മനസ്സിലായി, ഇരിമ്പു കഷ്ണം 'റ' പോലെ വളച്ചു വെച്ചിരിക്കുന്നു!മോഹനേട്ടനെ അഭിനന്ദിക്കാന്‍ നോക്കിയപ്പോളാണ്‌ അദ്ദേഹത്തിന്റെ മുതുകും അതു പോലെ വളഞ്ഞ അവസ്‌ഥയിലാണെന്നു ഞാന്‍ ശ്രദ്ധിച്ചത്‌!

ഏതായാലും പിറ്റേദിവസം തന്നെ മോഹനേട്ടന്‍ താമ്പാളക്കടയിലേക്കു പോയി,കടക്കാരന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ 6 രൂപ കൊടുത്തു.ധനനഷ്‌ടം,മാനനനഷ്‌ടം, ഒരു ദിവസത്തെ കായികാധ്വാനം വേറെ,ആകെ പരിക്ഷീണനായി താമ്പാളക്കടയില്‍ നിന്ന് മോഹനേട്ടന്‍ മടങ്ങിവന്ന കാഴ്ച എനിക്കിന്നും ഓര്‍മയുണ്ട്‌.

മൂന്നു മാസങ്ങള്‍ക്കു മുന്‍പ്‌ നാട്ടില്‍ പോയപ്പോള്‍ വീട്ടില്‍ 10-14 വയസ്സ്‌ പ്രായം വരുന്ന 2 കുട്ടികള്‍ തംബാളം ചോദിച്ചു വന്നു.വളരെ തുച്ഛമായ വിലകളാണവര്‍ പറഞ്ഞത്‌.അവര്‍ പറഞ്ഞ വിലക്ക്‌ ഞാന്‍ സാധനങ്ങള്‍ കൊടുത്തു.ഏന്നെ പറ്റിച്ച സന്തോഷത്തില്‍ അവര്‍ പോയി.എനിക്കെന്തോ ഞാന്‍ എനിക്കു തന്നെ പൈസ കൊടുത്ത അനുഭവമാണുണ്ടായത്‌! ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ പറ്റിക്കപ്പെട്ടതില്‍ എനിക്കു സന്തോഷം തോന്നിയ അപൂര്‍വ സന്ദര്‍ഭം അതായിരിക്കാം..
--ചെമ്പകന്‍