Sunday, October 01, 2006

ആദ്യത്തെ ഇന്റര്‍വ്യൂ

പത്തു കൊല്ലം മുന്‍പ്‌ (1996) ഞാന്‍ തുംകുറില്‍ എഞ്ചിനീയറിംഗ്‌ ഫൈനല്‍ പഠിക്കുന്ന കാലം. ഏല്ലാവരെയും പോലെ ഞാനും ജോലിയെ കുറിച്ചു ബോധവാനായി.ഞങ്ങളുടെ കൊളേജില്‍ കാമ്പസ്‌ ഇന്റര്‍വ്യൂ എന്ന എര്‍പ്പാട്‌ ഇല്ലാത്തതിനാലും, ഉണ്ടെങ്കില്‍ തന്നെ ഞാന്‍ കഷ്ടപ്പെട്ടു സമ്പാദിച്ച സെക്കന്റ്‌ ക്ലാസ്സ്‌ കമ്പനികള്‍ക്ക്‌ ബോധിക്കാത്തതിനാലും ഞാന്‍ കാമ്പസ്‌ ഇന്റര്‍വ്യൂവിനെ വെറുക്കുകയും സ്വയം ജോലി കണ്ടെത്തുന്നതില്‍ കര്‍തവ്യ നിരതനാവാന്‍ തീരുമാനിക്കുകയും ചെയ്തു.
കമ്മ്യൂണിക്കേഷന്‍ നെറ്റ്വ്വര്‍ക്ക്‌സ്‌, സിഗ്നല്‍സ്‌ ആഡ്‌ സിസ്റ്റംസ്‌ തുടങ്ങിയ പേപ്പര്‍സ്‌ എന്നും എന്റെ ബാലികേറാമല ആയിരുന്നെങ്കില്‍ കൂടി ഞാന്‍ എന്റെ ടെലികമ്മൂണിക്കേഷന്‍ ബ്രാഞ്ചിനെ പ്രണയിച്ചു, കമ്പ്യൂട്ടറിനൊടെനിക്കു പുഛമായിരുന്നു അന്ന്.ഇന്നു കഞ്ഞി തരുന്നതു കമ്പ്യൂട്ടര്‍ ആണെങ്കിലും.
പത്തും ഇരുപതും ബാക്ക്‌ പേപ്പര്‍സ്‌ കൈമുതലായി എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ കൊളെജില്‍ നിത്യ സന്ദര്‍ശകരായ സീനിയെര്‍സ്‌ തരുന്ന പുറം ലോകത്തെ കുറിച്ചുളള അറിവ്‌ വെച്ച്‌ "നമ്മുടെ കാര്യം പോക്കാടാ" എന്ന കാഴ്ചപ്പാട്‌ ജോലിയെക്കുറിച്ച്‌ ഞങ്ങള്‍ സ്വീകരിച്ചിരുന്നു. എങ്കിലും ശ്രമിക്കുന്നതില്‍ എന്താ തെറ്റ്‌?
എന്തായാലും എന്റെ ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം, ടൈംസ്‌ ഓഫ്‌ ഇന്ത്യ ജോബ്‌ ആഡ്‌ ഞാനും മറിച്ചു നോക്കി. നാശം, എല്ലാം സോഫ്റ്റ്‌വെയര്‍ ജോബ്‌ തന്നെ, സീ ലാങ്ഗൈജ്‌ ലാബ്‌ പാസ്സാവാന്‍ പഠിച്ച പോലെ ഞാന്‍ മനപ്പാഠം ജന്മത്ത്‌ പഠിച്ചിട്ടില്ല, എന്നിട്ടൊ പാസ്സാവാന്‍ എക്സാമിനറുടെ കാലും അടിയും പിടിക്കെണ്ടിയും വന്നു.
ഞാന്‍ അധീരനായി, "ഒരു യുവ ടെലിക്കമ്മ്യൂണികേഷന്‍ എഞ്ജിനീയറെ ഈ രാജ്യത്ത്‌ ആവശ്യമില്ലേ ദൈവമേ" എന്നാലും പ്രതീക്ഷ കൈവിടാതെ പഴയ പേപ്പര്‍സ്‌ എല്ലാം എടുത്തു നോക്കി. അത്ഭുതം! ദാ കിടക്കുന്നു ഞാന്‍ അന്വേഷിച്ചത്‌.
മാക്സ്‌ ടെലെകോം റിക്വയര്‍ സേല്‍സ്‌ റെപ്രസെന്റിറ്റിവ്‌സ്‌ എന്നായിരുന്നു പരസ്യം. ഏന്താ ജോലി എന്നതിലുപരി ടെലെകോം എന്ന റിക്വയര്‍മന്റ്‌ എന്നെ ഹഡാദാകര്‍ഷിച്ചു. കൊള്ളാം, അപ്പൊ ടെലെക്കമ്മ്യൂണികേഷനും ഭാവിയുണ്ട്‌. പക്ഷെ ഒരു പ്രശ്നം, ഇന്റര്‍വ്യൂ ഡേറ്റ്‌ കഴിഞ്ഞു പോയി ഒരു ദിവസം മുന്‍പ്‌.

ഏന്നാലും പ്രശ്നമില്ല, ഈ കച്ചിത്തുരുമ്പ്‌ പിടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഇന്റര്‍വ്യൂ കിട്ടിയ കാര്യം വീട്ടുകാരെ ഫോണ്‍ ചെയ്തറിയിച്ചു.(കമ്പനി എന്നെ വിളിച്ചിട്ടുമില്ല;പറഞ്ഞിട്ടുമില്ല,അതു വെറെ കാര്യം) പഠിച്ചിറങ്ങിയതിനു തൊട്ടു പിന്നാലെ ഇന്റര്‍വ്യൂ കിട്ടിയതില്‍ മാതാപിതാക്കള്‍ ഹര്‍ഷപുളകിതരായി. പുളകം ഇറങ്ങും മുന്‍പേ ഞാന്‍ 1500 രൂപ അവരില്‍ നിന്ന് സംഘടിപ്പിച്ചു, പുതിയ ഇന്റര്‍വ്യൂ ഷര്‍ട്ടും,പാന്റും, ഷൂവും വാങ്ങാന്‍!

പിന്നീടുള്ള എന്റെ 2 ദിവസങ്ങള്‍ തയ്യാറെടുപ്പിന്റെതയിരുന്നു.ടെലികോം സബ്ജെക്റ്റ്‌സ്‌ എല്ലാം 4 കൊല്ലത്തെ മറിച്ചു നോക്കി,കീ പോയിന്റ്സ്‌ നോട്ട്‌ ചെയ്തു. തലെദിവസം രാത്രി കണ്ണാടിക്കു മുന്‍പില്‍ ഇന്റര്‍വ്യൂ പ്രാക്റ്റ്രിസ്‌ ചെയ്തു, ത്രിപ്തിപെട്ടു. പിറ്റൈ ദിവസം രാവിലെ 5.30 ടുംകുര്‍ ബാംഗ്ലൂര്‍ എക്സ്പ്രസ്സില്‍ ഒരുപാടു പ്രതീക്ഷകള്‍ നെഞ്ചിലേറ്റി ഞാന്‍ ബാഗ്‌ലൂരിലെക്കു പുറപ്പെട്ടു.മനസ്സിനെ അലട്ടിയ ഒരേ ഒരു പ്രശ്നം ഇന്റര്‍വ്യൂ ഡേറ്റ്‌ മാത്രം, പക്ഷെ മാനേജര്‍ എന്നില്‍ ഇമ്പ്രെസ്സ്‌ ആയാല്‍ പിന്നെ പ്രശ്നമില്ലല്ലൊ.

റിച്ച്മ്മന്‍ഡ്‌ റോഡിലുള്ള ഓഫിസില്‍ 9.30 ഓടെ ഞാന്‍ എത്തിച്ചേര്‍ന്നു.തികച്ചും ആധുനികം ആയ ഓഫിസ്‌ സെറ്റ്‌ അപ്‌, എന്റെ ഭാവി ഓഫീസ്‌ കണ്ടു ഞാന്‍ കോരിത്തരിച്ചു.വളരെ ബിസി ആയ റീസെപ്ഷനിസ്റ്റിനൊടെ ബ്ഭവ്യതയൊടെ ഇന്റര്‍വ്യൂ കാര്യം പറഞ്ഞു. കൂട്ടത്തില്‍ 2 ദിവസം മുന്‍പെ ആയിരുന്നു ഇന്റര്‍വ്യൂ ഡേറ്റ്‌ എന്ന കാര്യവും; കിളി മൊഴി പറഞ്ഞു, ഇഫ്‌ യു വാന്റ്‌ റ്റു അറ്റെന്‍ഡ്‌ റ്റു ഡേ യു കാന്‍. ഏനിക്കെന്റെ സീനിയെര്‍സിനെ പുളിവാറലു കൊണ്ട്‌ അടിക്കാന്‍ തോന്നി!തെണ്ടികള്‍, ഇത്രയും ഡിമാന്‍ഡ്‌ ഇന്‍ഡസ്റ്റ്രിയില്‍ ഉള്ളപ്പൊഴാ നമ്മളെ അവര്‍ തെറ്റിധരിപ്പിച്ചത്‌.

അവള്‍ ഇന്റര്‍വ്യൂ നടക്കുന്ന ഓഫിസിന്റെ അഡ്രസ്‌ തന്നു, ഏകദെശം 2 കിലോമീറ്റര്‍ ദൂരെ. ജീവിതത്തിലെ ആദ്യ ഇന്റര്‍വ്യൂ അഭിമുഖീകരിക്കാന്‍ ആ ഓഫിസിലെക്കു ഞാന്‍ വെച്ചു പിടിച്ചു. അവിടെ 4 പേര്‍ ഇരിപ്പുണ്ടായിരുന്നു,ഇന്റര്‍വ്യൂവിനു വേണ്ടി. റൂമിലുണ്ടായിരുന്ന ഓക്സിജന്‍ മുഴുവന്‍ വലിച്ചെടുത്തായിരുന്നു അവരുടെ ഇരുപ്പ്‌. ആദ്യം മസിലു പിടിച്ചെങ്കിലും എന്റെ ഒപ്പൊനെന്റ്സിനെ പരിചയപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു.

2 പേര്‍ മലയാളികള്‍, ഏംബിയെ കഴിഞ്ഞു എന്നെപ്പ്പ്പോലെ അവര്‍ക്കും ഫസ്റ്റ്‌ ഇന്റര്‍വ്യൂ. അടുത്തവന്‍ ഡിഗ്രീ, പക്ഷെ കുറച്ചു സേല്‍സ്‌ എക്ഷ്പെരീന്‍സ്‌ ഉണ്ട്‌. അടുത്തയാള്‍ ആരൊടും മിണ്ടുന്നില്ല,ഭയങ്കര ജാട. നമ്മള്‍ മലയാളികളുടെ മാത്രം സിദ്ധി ആയ കോനയടി ഞങ്ങള്‍ നാലാമനെ കുറിച്ച്‌ തുടങ്ങി.റിസ്പ്ഷനിസ്റ്റ്‌ കടന്നു വന്നു ഇന്റര്‍വ്യൂവിനു സമയമായി എന്നറിയിച്ചു. ഏന്റെ നെഞ്ചില്‍ മഞ്ജു വാര്യരും,സുകന്യയും മത്സരിച്ചു ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങി. അതു വരെ ശേഖരിച്ച ധൈര്യമെല്ലാം എങ്ങോ ചോര്‍ന്ന പോലെ.

ആദ്യം ഒരു എംബിയെക്കാരന്‍ അകത്തു പോയി.ഒന്ന്,രണ്ട്‌,മൂന്ന് മിനുട്ട്‌ കഴിഞ്ഞില്ല അവന്‍ പുറത്തു വന്നു,വിക്കറ്റ്‌ വീഴ്ത്തുമ്പോള്‍ ബ്ബ്രെറ്റ്‌ ലീ കാട്ടുന്ന അക്ഷന്‍ ഇല്ലേ, കൈ കൊണ്ട്‌, അതു പ്രകടിപ്പിച്ച്‌ അവന്‍ ഹുംഗാരവം മുഴക്കി. റിസല്‍ട്ട്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. അവനെ അഭിനന്ദിച്ച്‌ അവന്റെ എംബിയെ കൂട്ടുകാരന്‍ അകത്തു പോയി.

എനിക്ക്‌ ഉള്‍ക്കിടിലം അനുഭവപ്പെട്ടു. ഇത്ര പെട്ടെന്ന് സെലെക്റ്റ്‌ ആകണമെങ്കില്‍ എന്തായിരിക്കും ഇവന്റെ കഴിവ്‌? ഉള്ളിലെ അസൂയയും ഉത്ക്കന്‍ഡയും മറച്ചു വെച്ച്‌ ഞാന്‍ അവനോട്‌ ഇന്റര്‍വ്യൂവിനെ കുറിച്ച്‌ ചോദിച്ചു. അവന്‍ ക്വസ്റ്റൈന്‍സ്‌ വേളിപ്പെടുത്തിയില്ല, പക്ഷെ അവന്റെ കൊളേജില്‍ കൊടുത്തിരുന്ന മോക്ക്‌ ഇന്റര്‍വ്യൂ ട്രെയിനിങ്ങിനെ കുറിച്ച്‌ പറഞ്ഞു. അവന്റെ ഫ്രണ്ട്‌ പാസ്സ്‌ ആവും എന്നതില്‍ അവനു തരിമ്പും സംശയം ഉണ്ടായിരുന്നില്ല.

സത്യം! 3 മിനിട്ട്‌ തികച്ച്‌ കഴിഞ്ഞില്ല, എംബിയെക്കാരന്‍ പുറത്തുവന്നു. അവനും ആഹ്ലാദനിര്‍ത്തം നടത്തി.മുന്നാമന്‍ അകത്തു പോയി. എന്റെ മനസില്‍ പെരുമ്പറ കൊട്ടി, ദൈവമേ അടുത്തത്‌ എന്റെ ഊഴമാണു, പോയ ആള്‍ക്കാര്‍ എല്ലാം 2-3 മിനിട്ടിനുള്ളില്‍ പാസ്സായി റെകൊര്‍ഡ്‌ ഇട്ടു കഴിഞ്ഞു,എല്ലാവരെയും കോനയും അടിച്ച്‌ ഇനി ഞാന്‍ മാത്രം പാസ്സായില്ലെങ്കില്‍ എന്താ അവസ്ഥ. പേടിയും ഉത്കന്‍ഡയും കൂടിയതു കാരണം കൈയും കാലും വിറക്കുന്നു.ഇനി ഇന്റര്‍വ്യൂവിന്റെ കാര്യം ഗോപി തന്നെ, അവര്‍ എന്നെ ഒരു മിനിട്ടിനുള്ളില്‍ അടിച്ചു പുറത്താക്കും, ഇവിടുന്നു അഭിമാനക്ഷതമേല്‍ക്കാതെ പുറത്തു കടക്കാന്‍ എന്താണൊരു പോംവഴി,ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു.

ഐഡിയ! എന്നെ ഇന്റര്‍വ്യൂവര്‍ പുറത്താക്കിയാല്‍ ഞാനും പുറത്തുവന്ന് ബ്രെറ്റ്‌ ലീയുടെ ആക്ഷന്‍ കടമെടുത്ത്‌ ഹുംഗാരവം മുഴക്കുക. പുറത്തു നില്‍ക്കുന്ന സെലെക്റ്റ്‌ ആയ മച്ചാന്മാര്‍ കള്ളി മനസ്സിലാക്കുന്നതിനുമുന്‍പെ ബാംഗ്‌ളൂര്‍ മഹാനഗരത്തിനുള്ളിലെക്ക്‌ ഊളിയിടുക.

ഇതാ മൂന്നാമനും വന്നിരിക്കുന്നു,ചുണ്ടില്‍ മന്ദസ്മേരവുമായി.ഞാന്‍ ഇരുന്നിരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റു,യാന്ത്രികമായി ഇന്റര്‍വ്യൂ ബോര്‍ഡിലേക്കു നടന്നു.തൂക്കിലേറ്റാന്‍ പോകുന്ന മാനസിക അവസ്ഥയോടെ.നനഞ്ഞ കോഴിയുടെ മാതിരി ഇരുന്ന എന്നോടു ചോദ്യം ചോദിച്ചു തുടങ്ങി.

ഇന്റര്‍വ്യൂര്‍: ഈ ജോലി തിരഞ്ഞെടുക്കാന്‍ എന്താ കാരണം?
ഞാന്‍ എനിക്കു ടെലികമ്മ്യൂണികേഷന്‍ ഫീല്‍ഡിനൊടുള്ള ആകര്‍ഷണം, പഠിച്ച ഫീല്‍ഡില്‍ ജോലി കിട്ടാനുള്ള ആഗ്രഹം എന്നിവ ഒന്നുരണ്ടു മുറിഞ്ഞ വാക്കുകളാല്‍ രേഖപ്പെടുത്തി.
ഇന്റര്‍വ്യൂവര്‍ : ഇതു നിന്റെ ആദ്യത്തെ ഇന്റര്‍വ്യൂ ആണല്ല്ല?
ഞാന്‍ : അതെ!!
ഇന്റര്‍വ്യൂവര്‍ എന്നെ നോക്കി ചെരിഞ്ഞ്‌ ഒരു ചിരി ചിരിച്ചു, എനിക്ക്‌ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. അദ്ദേഹം മൊഴിഞ്ഞു, യ്യെസ്‌ യു ആര്‍ സെലെക്റ്റെട്‌. ഏഴാം സ്വര്‍ഗം പിടിച്ച പ്രതീതിയായിരുന്നു എനിക്കാ നിമിഷങ്ങളില്.

‍ ആഹ്ലാദത്തൊടെ തിരിച്ചിറങ്ങി മലയാളി മച്ചാന്മാരോട്‌ സംതോഷം പങ്കു വെക്കുമ്പോള്‍ നാലാമനും ജോലി കിട്ടി തിരിച്ചിറങ്ങി. ഇനി അവനോട്‌ അകല്‍ച്ച വെക്കുന്നത്‌ എന്തിനാ, എല്ലാവരും കൊളീഗ്‌സ്‌ അല്ലേ. ഞങ്ങള്‍ പുള്ളിയെ അടുത്തു പരിചയപ്പെട്ടു.രണ്ടു പുത്തന്‍ എംബിയെക്കാരെയും ഒരു യുവ എഞ്ജിനീയറെയും ഇതികര്‍തവ്യാമൂഢരാക്കുന്ന അവന്റെ ക്വാളിഫികേഷന്‍ പ്രഖ്യാപനം വന്നതു പെട്ടന്നായിരുന്നു. പുള്ളി പത്താം ക്ലാസ്സ്‌ പാസ്സായിട്ടില്ലാ!!

ഞങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ റിസ്പ്ഷനിസ്റ്റ്‌ അകത്തോട്ടു വിളിച്ചു. ഞങ്ങളെ സേല്‍സ്‌ ലീഡറിനു പരിചയപ്പെടുത്താന്‍!

ആ ചരിത്രം അടുത്ത ലക്കം, ഇതു നിങ്ങള്‍ക്കിഷ്ടപ്പെട്ടാല്‍ മാത്രം...

സ്നേഹപൂര്‍വം ചെമ്പകന്‍.