Sunday, October 15, 2006

അക്കരെയക്കരെയക്കരെ

അമേരിക്കയില്‍ പോകാന്‍ ആഗ്രഹിക്കാത്തവരായിയാരുണ്ട്‌?ഞാനും ഒട്ടും വ്യത്യസ്തനല്ല.ഒരിക്കലെങ്കിലും അമേരിക്ക സന്ദര്‍ശിക്കാനുള്ള മോഹം എന്നുള്ളില്‍ പടര്‍ന്നു പന്തലിച്ചു കൊണ്ടിരുന്നു.

വേനലവധിക്കാലത്ത്‌ അമ്മമ്മയുടെ വീട്ടില്‍ വന്നു നില്‍ക്കുമ്പൊള്‍ അന്നു ബിപില്ലില്‍ എഞ്ചിനീയറായിരുന്ന രവിയേട്ടന്‍ ഒരു സാധനം കൊണ്ടുവന്നു. തുറന്നു പൊട്ടിച്ച്‌ 'ഇതെന്താത്‌ അവിലു പോലെ' എന്നല്‍ഭുതപ്പെട്ട എന്നൊട്‌ 'ഇതാടാ കോണ്‍ഫ്ലെക്സ്‌,അമേരിക്കക്കാര്‌ രാവിലെ കഴിക്കുന്ന സാധനം' എന്ന അറിവ്‌ പകര്‍ന്നു തന്നു.അവിലു നനച്ചു പഞ്ചാരയും,തേങ്ങയും കൂട്ടി കഴിക്കുന്ന സുഖമൊന്നും ലഭിച്ചില്ലെങ്കിലും ഞാനന്നു തൊട്ട്‌ മൂന്നു നേരവും അമേരിക്കക്കാരനായി. ആ പാക്കറ്റ്‌ കഴിഞ്ഞപ്പോള്‍,ഞാന്‍ അവധി കഴിഞ്ഞുപോകുന്നതു വരെ രവിയേട്ടന്‍ ഇന്ത്യാക്കാരനാവാന്‍ തീരുമാനിക്കുകയും ചെയ്തു.

തട്ടിമുട്ടി ഒരുവിധം എഞ്ചിനീയറിംഗ്‌ പാസ്സായി തൊഴില്‍രഹിതനായ അഭ്യസ്തവിദ്യനായി രണ്ടുകൊല്ലം രാജ്യത്തെ സേവിച്ചു.പിച്ചക്കാരനോടു വരെ നമ്മള്‍ക്കു ബഹുമാനം തോന്നിത്തുടങ്ങി,'കാരണം അവനും ഒരു ജോലിയാണല്ലോ എടുക്കുന്നത്‌'. നാട്ടില്‍ നില്‍ക്കകള്ളിയില്ലാതെ ഉപജീവനത്തിനായി ബാംഗ്ല്‌ൂരിലേക്കു പോയി.അവിടെ വെച്ചാണ്‌ 'കുറഞ്ഞ ചെലവില്‍ എങ്ങനെ ജീവിക്കാം', 'തട്ടിപ്പു ബയൊഡാറ്റ നിര്‍മ്മാണം' തുടങ്ങിയ ജീവിതത്തിലെ കോഴ്‌സുകള്‍ പഠിച്ചത്‌.ആ പഠിപ്പ്‌ പാഴായില്ല,ലോകത്തെയും,എന്നെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട്‌ ഒരുനാള്‍ ഞാനും എന്റെ ആദ്യ ജോലിയില്‍ പ്രവേശിച്ചു.

തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും ക്രമേണ ഞാനും വിവരസാങ്കേതികതയുടെ ഭാഗമായി.ഇടത്തും വലത്തും ഇരിക്കുന്നവര്‍ അമേരിക്കയില്‍ പോകുന്ന കാഴ്ച കണ്ട്‌ എന്നിലും പഴയ അമേരിക്കന്‍ സ്വപ്നങ്ങള്‍ തലപൊക്കി.അങ്ങിനെയിരിക്കെ ഒരു സുദിനത്തില്‍,ഇന്ത്യയിലേക്ക്‌ ഒരു പ്രോജക്ട്‌ കൊണ്ടു വരാനുള്ള ചുമതല എന്നില്‍ നിക്ഷിപ്തമായി.ത്രിശ്ശൂര്‍ക്കാരനായിരുന്നെങ്കില്‍ അര്‍മാദിക്കാമായിരുന്നു,എതായാലും ഞാന്‍ അത്യാഹ്ലാദവാനായി;'വളരെക്കാലത്തെ മോഹമാണ്‌ പൂവണിയാന്‍ പോകുന്നത്‌'.

കാത്തിരുന്ന ദിവസം വന്നെത്തി, എന്നൊടൊപ്പം പ്രോജക്ട്‌ ലീഡും വരുന്നുണ്ട്‌. കൂട്ടുകാര്‍ ആഘോഷമായിത്തന്നെ കയറ്റിവിടാന്‍ വന്നു,എന്റെ ആദ്യ വിമാന യാത്രക്കു കളമൊരുങ്ങി;ബംഗ്ലൂരില്‍ നിന്ന് മുംബൈയിലേക്ക്‌.വിമാനം പൊങ്ങിത്തുടങ്ങിയപ്പൊള്‍ തോന്നിയ പേടി കുറെശ്ശെ ഇല്ലാതായി,നമ്മള്‍ പേടിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. പുതിയ അനുഭൂതി,ഉപചാരത്തിന്‌ സുന്ദരിമാര്‍.എയര്‍ഹോസ്റ്റസ്‌ കൊണ്ടുവന്നത്‌ ആക്രാന്തം കാണിക്കാതെ ആസ്വദിച്ചു കഴിച്ചു. മൊത്തതില്‍ എനിക്കു പരിപാടി ഇഷ്‌ടപ്പെട്ടു.

മുംബെയില്‍ എത്തിയപ്പൊള്‍ 7 മണി, ഇനി രാത്രി 2 മണിക്കാണ്‌ യൂറൊപ്പ്‌ ഫ്ലൈറ്റ്‌. പത്തു മണിയായപ്പോള്‍ വിശപ്പ്‌ മുട്ടിവിളിച്ചു തുടങ്ങി.വിമാനത്താവളത്തിലെ കടകളില്‍ തലകറങ്ങുന്ന വില. അതോടെ വിശപ്പ്‌ ആളിക്കത്തി.ഏന്റെ വെപ്രാളം കണ്ട്‌ പ്രോജക്ട്‌ ലീഡ്‌ പറഞ്ഞു.ഏന്തിനാ വിഷമിക്കുന്നത്‌,അല്‍പ്പം കഴിഞ്ഞാല്‍ വിമാനത്തില്‍ നിന്നു കഴിച്ചൂടെ? അതു ശരിയാണല്ലോ;ഞാന്‍ കടിച്ചു പിടിച്ചിരുന്നു.വിമാനത്തില്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരി വന്നു.വെജ്‌ ഓര്‍ നൊണ്വെജ്‌? ഞാന്‍ കണ്ണടച്ചു ഓര്‍ഡര്‍ ചെയ്തു;നൊണ്വെജ്‌(പോരട്ടെ ചിക്കന്‍ ബിരിയാണി ഞാന്‍ മനസ്സില്‍ പറഞ്ഞു). ലീഡ്‌ വെജ്‌ ആണ്‌ തിരഞ്ഞടുത്തത്‌;ആവേശത്തൊടെ പൊതി തുറന്നു ഇറച്ചിക്കഷ്ണം വായിലിട്ടു. 'ശ്ശെ ഇതെന്താദ്‌,പച്ച ഇറച്ചി പൊതിഞ്ഞു വെച്ചിരിക്കുന്നോ? ഉപ്പുല്ല,മളകൂല്ല. ലീഡിന്റെ പ്ലേറ്റില്‍ നിന്ന് പൂരി മസാലയുടെ കുമുകുമാ മണം.മുംബൈയിലെ ഹോട്ടല്‍ 'ലീല' യില്‍ പാകം ചെയ്തത്‌. 'ഏടോ സായ്പ്പന്മാരുടെ നൊണ്വെജിലൊന്നും അധികം എരിയും പുളിയും ഉണ്ടാവില്ല' വിഷണ്ണനായി ഇരിക്കുന്ന എന്നോടു ലീഡ്‌ പറഞ്ഞു.ഈ തെണ്ടിക്ക്‌ ഇതു നേരത്തെ പറഞ്ഞൂടെ,വിശപ്പു ഉള്ളതുകൊണ്ട്‌ ഞാനതു വിഷമിച്ചു കഴിച്ചു.

ആംസ്റ്റര്‍ഡാമിലെത്തി,എന്തു നല്ല ഐയര്‍പോര്‍ട്ട്‌,ഇനി 5 മണിക്കൂറുണ്ട്‌ അമേരിക്കന്‍ ഫ്ലൈറ്റിന്‌.ഞാന്‍ മായക്കാഴ്ചകള്‍ കണ്ടിരുന്നു.അവിടെ വെച്ചാണ്‌ ഞാന്‍ ആദ്യമായി വെള്ളമില്ലാത്ത ശൗചാലയം സന്ദര്‍ശിക്കുന്നത്‌,ഭാഗ്യത്തിന്‌ കൈയ്യിലല്‍പ്പം പെപ്‌സിയുണ്ടായിരുന്നു;ഉള്ളതു കൊണ്ട്‌ ഓണം പോലെ.തിരിച്ചുവന്നപ്പൊള്‍ ആകെ അസ്വസ്തത,ഞാന്‍ സീറ്റില്‍ അമര്‍ന്നിരുന്നു ഫ്ലൈറ്റിനായി കാത്തിരുന്നു.

വീണ്ടും വിമാനത്തില്‍; പഴയ അബദ്ധം പറ്റരുതല്ലോ,ഞാന്‍ എയര്‍ഹൊസ്റ്റസ്സിനോട്‌ വെജ്‌ മതിയെന്നു തറപ്പിച്ചു പറഞ്ഞു. കിട്ടി;4 ഇലയും ഒരു പച്ച കാരറ്റും,ഉരുളക്കിഴങ്ങു വെട്ടി വേവിച്ചതും.സായ്പമ്മാരുടെ വെജ്‌ എന്നുവെച്ചാലതാ,മറ്റതാണെങ്കില്‍ കുറച്ചു ഇറച്ചിയെങ്കിലും കിട്ടിയേനെ, ഞാന്‍ ദുര്‍വ്വിധിയെ പഴിച്ചു കൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞപ്പൊള്‍ മദാമ്മ മദ്യം കൊണ്ടുവന്നു.നമ്മളുടെ ബ്രാന്‍ഡ്‌ ഒന്നുമല്ല;കൂടിയതാ,ഞാന്‍ 2 ജോണിവാക്കര്‍ വിട്ട്‌ കിടന്നുറങ്ങി.

അങ്ങിനെ ഞാനും അമേരിക്കയില്‍ കാലുകുത്തി.മാരിയട്ടിന്റെ ഒരു അപ്പാര്‍ട്ട്‌മന്റ്‌ എനിക്കു സ്വന്തം. ലീഡിന്‌ തൊട്ടപ്പുറത്തെ അപ്പാര്‍ട്ട്‌മന്റ്‌.പിറ്റേന്നു രാവിലെ കുളിച്ചൊരുങ്ങി കമ്പനിയില്‍ പോയി.എനിക്കു പ്രോജക്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യുന്ന സായിപ്പിനെ മീറ്റ്‌ ചെയ്തു.അയാള്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നു, ഞാന്‍ ആത്മാര്‍ത്ഥമായി മനസ്സിലാക്കാന്‍ ശ്രമിച്ചു.രണ്ടു മൂന്നു ദിവസങ്ങള്‍ അങ്ങിനെ പോയി. പ്രോജെക്റ്റ്‌ ഒന്നും തലയില്‍ കയറുന്നില്ല. അവസാനം ഞാന്‍ അക്കരെയക്കരെയക്കരെയിലെ ശ്രീനിവാസന്റെ തന്ത്രം സ്വീകരിച്ചു. നമ്മള്‍ ആദ്യമായി ഇവിടെ വന്നിട്ട്‌ എന്തിനാ വെറുതെ മനസ്സു വിഷമിപ്പിക്കുന്നത്‌, ബാക്കിയെല്ലാം തട്ടേല്‍ വെച്ചു കാണാം.

ഭക്ഷണമായിരുന്നു ഒരു വലിയ പ്രശ്നം.സായിപ്പന്മാരുടെ ഭക്ഷണമൊന്നും നമ്മള്‍ക്ക്‌ പിടിക്കുന്നില്ല,പൂത്ത കാശും കൊടുക്കണം.വലിയൊരു അടുക്കള ഒഴിഞ്ഞു കിടക്കുന്നു.ജീവിതത്തിലാദ്യമായി പാചകം ചെയ്യാം എന്നു തീരുമാനിച്ചു.ബ്രെഡും കോഴിമുട്ടയും പരീക്ഷിച്ചു വിജയിച്ചു.ഇതന്ന്യെല്ലെ സായിപ്പ്‌ 'ബര്‍ഗര്‍' എന്ന പേരില്‍ തരുന്നത്‌.ഞാന്‍ പാചകം ചെയ്യുന്ന കാര്യം ലീഡ്‌ അറിഞ്ഞു.എന്താ നീ പാചകം ചെയ്യുന്നത്‌? ലീഡ്‌ എന്നൊടു ചോദിച്ചു.
ഞാന്‍ : കേരളാ ഫുഡാ!
ലീഡ്‌: ഹായ്‌,ഞാന്‍ വളരെയേറെ കേട്ടിട്ടുണ്ട്‌;
ഇതു വരെ കഴിച്ചിട്ടില്ല,നാളെ രാത്രി നിന്റവിടെ വരാം!
ഇനി എന്തു ചെയ്യും? ഞാന്‍ ഒരു പാചകവിദഗ്ദനാണെന്നാ തെലുങ്കന്റെ മനസ്സിലിരുപ്പ്‌.തിടുക്കത്തില്‍ അമ്മക്കു ഫോണ്‍ ചെയ്തു, സാമ്പാര്‍ എങ്ങനെ ഉണ്ടാക്കാം? ഉരുളക്കിഴങ്ങും,ഉള്ളിയും കൊണ്ടു തട്ടിക്കൂട്ടി അതിനു സാമ്പാര്‍ എന്നു പേരിട്ടു ലീഡിനു സമര്‍പ്പിച്ചു.അവനിനി ജന്മത്തില്‍ കേരളാ ഫുഡ്ഡു ആഗ്രഹിക്കാന്‍ സാദ്ധ്യതയില്ല.

എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം,മാരിയട്ടിന്റെ ബാത്രൂമുകളിലെ സോപ്പുകളായിരുന്നു. പേരെഴുതാത്ത ആ 100 ഗ്രാം പ്ലൈയൈന്‍ സോപ്പു കട്ടകള്‍ നമ്മുടെ 'ഡൊവ്‌' സോപ്പുകളെപ്പോലെ തന്നെ മികച്ചവയായിരുന്നു.ദിവസവും എന്റെ അങ്കം കഴിഞ്ഞ അടുക്കളയും,ബാത്രൂമും വൃത്തിയാക്കാന്‍ ഒരു സായിപ്പും വരാറുണ്ട്‌.ഒരു ദിവസം ഞാന്‍ സോപ്പ്‌ ബാത്‌ റൂമില്‍ വെക്കുന്നതിനു പകരം അറിയാതെ മേശയുടെ വലിപ്പിലിട്ടു. പിറ്റേദിവസം നൊക്കുമ്പോള്‍ ബാത്‌ റൂമില്‍ പുതിയ സോപ്പുകട്ട! സായിപ്പു പുതിയതു വച്ചതാണ്‌.ഞാനന്നും കുളി കഴിഞ്ഞ്‌ സോപ്പ്‌ വലിപ്പിലിട്ടു ഓഫീസ്സില്‍ പോയി. വീണ്ടും പുതിയ സോപ്പു കട്ട! കൊള്ളാമല്ലോ;ഞാന്‍ സായിപ്പിനെ കൃഷി ചെയ്യാന്‍ തീരുമാനിച്ചു.ഇതു പതിവായി,ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പൊള്‍ ഡ്രോയറില്‍ 7-8 സോപ്പുകള്‍!ഇങ്ങനെ പോയാല്‍ 2 മാസം കഴിഞ്ഞ്‌ നാട്ടിലേക്കു പോകുമ്പോള്‍ സോപ്പിനു മാത്രമായി പുതിയ ബാഗ്‌ വാങ്ങേണ്ടി വരും, എന്നാലും കുഴപ്പമില്ല.മഴവില്‍ക്കാവടിയില്‍ പോക്കറ്റടിക്കാരന്‍ മാമുക്കോയ പഴ്‌സ്‌ വിതരണം നടത്തുന്ന പോലെ ബന്ധുക്കള്‍ക്കും,സുഹൃത്തുക്കള്‍ക്കും സോപ്പുകള്‍ വിതരണം ചെയ്യുന്നതും വര്‍ഷം മുഴുവന്‍ മാരിയട്ടിന്റെ സോപ്പു തേച്ചു കുളിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു.

ഒരു ദിവസം നോക്കുമ്പോള്‍ അയാള്‍ 75 ഗ്രാം സോപ്പു വെച്ചിരിക്കുന്നു,പിറ്റേ ദിവസവും അതാവര്‍ത്തിച്ചു.ഏന്തൊരക്രമം;അനീതി;ഇതയാളോടു ചോദിക്കണം.പിന്നീടതു വേണ്ടെന്നു വെച്ചു.വേണെങ്കില്‍ കുളിച്ചിട്ടു പോടാ എന്നയാളെങ്ങാനും പറഞ്ഞാല്‍ മറുപടി പറയണമെങ്കില്‍ ഡിക്ഷണറി നോക്കണം. ഞാന്‍ സഹിച്ചു.ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നൊക്കേണ്ട കാര്യമില്ലല്ലോ;ഞാനങ്ങനെ സമാധാനിച്ച്‌ സോപ്പ്‌ വലിപ്പിലിട്ടു.അങ്ങിനെ ഒരാഴ്ച പോയി.പിന്നീടണെന്റെ സഹനശക്തി പരീക്ഷിക്കുന്ന സംഭവം നടന്നത്‌. സായിപ്പ്‌ ഈ ആഴ്ച മുതല്‍ വെച്ചിരിക്കുന്നത്‌ 50 ഗ്രാം സോപ്പ്‌!

എന്നിലെ കുറ്റ്വാന്വേഷകന്‍ ഉണര്‍ന്നു.മേശ വലിപ്പ്‌ പരിശോധിച്ചു,പത്തു പന്ത്രണ്ടു സോപ്പുകള്‍ മാത്രം,എന്ത്‌? 20-25 എണ്ണം മിനിമം വരെണ്ടതാണല്ലോ!അതും എല്ലാം 75 ഗ്രാം!സോപ്പുകള്‍ മെലിയുന്നതിന്റെ കാരണം അപ്പൊഴാണ്‌ എനിക്കു മനസ്സിലായത്‌.എടാ മിടുക്കാ,ഞാന്‍ സായിപ്പിനെ കുപ്പിയിലാക്കാന്‍ നോക്കിയപ്പൊള്‍ അയാള്‍ എന്നെ കുടത്തിലിറക്കിയിരിക്കുന്നു.വെറുതെയല്ല നമ്മളെ അവര്‍ മുന്നൂറു കൊല്ലം ഭരിച്ചത്‌!

പിറ്റേന്നു രാവിലെ സായിപ്പ്‌ അടിച്ചുതുടക്കാന്‍ വന്നപ്പോള്‍ കാലിന്മെല്‍ കാലു കേറ്റി വെച്ചിരുന്ന ഞാന്‍ കാലെടുത്തു. സായിപ്പ്‌ എന്നെ നോക്കി പുഞ്ചിരിച്ചു.'ഏല്ലാം അറിയുന്ന ചിരി' ഞാനും ചളുങ്ങിയ ചിരി സമ്മാനിച്ചു.ആശയവിനിമയത്തിന്‌ ഭാഷ ആവശ്യമില്ലെന്ന് അന്നെനിക്കു മനസ്സിലായി.

--ചെമ്പകന്‍