Monday, February 19, 2007

കള്ളന്‍ പവിത്രന്‍

മോഷണം ഒരു കലയാണ്‌!64 കലകളില്‍ ഒന്ന്‌!ഒരു കാലത്ത്‌ അത്‌ ആസ്വദിച്ചു ഞങ്ങള്‍ ചെയ്തിട്ടുണ്ട്‌.ആ കുറ്റകൃത്യങ്ങള്‍ ആരെയും വേദനിപ്പിച്ചില്ലെന്നു ബോധ്യമുള്ളതിനാല്‍ ഇവിടെ കുറിക്കട്ടെ.
സാധാരണ ഞങ്ങള്‍ മാസാമാസം പഴയ പത്രങ്ങള്‍ പലചരക്കു കടക്കാര്‍ക്കു കൊടുക്കാറാണു പതിവ്‌. ഒരിക്കല്‍ മോഹനേട്ടന്‍ ആ പതിവ്‌ തെറ്റിച്ച്‌ താമ്പാളം(ആക്രി)ഹൊള്‍സേലില്‍ വില്‍ക്കുന്ന കടയില്‍ പത്രം വില്‍ക്കാന്‍ കൊടുത്തു.അവിടത്തെ വിലപട്ടികകള്‍ അദ്ദേഹത്തെ അമ്പരപ്പിക്കുകയും ഞങ്ങള്‍ ഇതുവരെ അറിയാത്ത ഒരു വാണിജ്യമുഖം തുറക്കാന്‍ അവ പ്രേരിപ്പിക്കുകയും ചെയ്തു.

ഇരുമ്പ്‌ (കിലോ) - 4.5 രൂപ
പ്ലാസ്റ്റിക്ക്‌(കി) - 20 രൂപ
അലുമിനിയം(30രൂപ),
ചെമ്പ്‌(50 രൂപ).

ഇങ്ങനെയായിരുന്നു വിലകളുടെ ഏകദേശ രൂപം.തിരിച്ചു വന്ന മോഹനേട്ടന്‍ ഇതു ഞങ്ങളോട്‌ അവതരിപ്പിച്ചു. കാലാകാലങ്ങളായി ഞങ്ങളുടെ പ്രദേശത്തെ അമ്മമാര്‍ക്ക്‌ തുച്ഛവില നല്‍കി താമ്പാളക്കാര്‍ വാങ്ങിക്കൊണ്ടു പോകുന്ന സാമഗ്രികള്‍ക്ക്‌ ഇത്രയും വിലയോ?ഒരു കിലോ ഇരിമ്പു സംഘടിപ്പിക്കാന്‍ എത്ര സമയം വേണം!.ചര്‍ച്ച അവസാനിക്കുമ്പോളേക്കും പലരുടെയും മനസ്സില്‍ വ്യക്തമായ പദ്ധതികള്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ആദ്യത്തെ പടിയായി വീട്‌ അരിച്ചു പെറുക്കി,കിട്ടിയ സാമാനങ്ങള്‍ കൊണ്ടുപോയി വിറ്റു. പത്തുപതിനഞ്ചു രൂപ കിട്ടി.സന്തോഷം അളവറ്റതായിരുന്നു.പിന്നീടെന്റെ കണ്ണില്‍ കാണുന്നതെല്ലാം താമ്പാളമായി. ഉദാഹരണത്തിന്‌ ഒരു അലുമിനിയ കുടം കണ്ടാല്‍ ഞാന്‍ അതില്‍ ഒരു താമ്പാളരൂപം ദര്‍ശിക്കും.വീട്ടിലെയും പറമ്പിലെയും സ്റ്റോക്ക്‌ തീര്‍ന്നുതുടങ്ങിയപ്പോള്‍ പറമ്പ്‌ കിളച്ചും പഴയകാല താമ്പാളങ്ങള്‍ പുറത്തെടുത്തു തുടങ്ങി.

ഏതായാലും ഇതു ഞങ്ങളുടെ സാമ്പത്തികസ്‌ഥിതിയില്‍ വമ്പിച്ച മാറ്റമുണ്ടാക്കി.ഞങ്ങള്‍ മണ്ണാര്‍ക്കാട്ടിലെ ഹോട്ടലുകളില്‍ നിത്യസന്ദര്‍ശകരായി.ഇടക്കിടക്ക്‌ പൈസക്ക്‌ കൈ നീട്ടില്ലലൊ എന്നോര്‍ത്ത്‌ മാതാപിതാക്കളും സൗകര്യപൂര്‍വം കണ്ണടച്ചു.പക്ഷെ അനിയന്ത്രിതമായ വില്‍പന മൂലം വീട്ടിലും നാട്ടിലും മരുന്നിനു പോലും താമ്പാളം കാണാത്ത സ്‌ഥിതിയായി.ഫലം! മൂഷികസ്‌ത്രീ വീണ്ടും മൂഷികസ്‌ത്രീ!

ഞങ്ങളുടെ വീടുകള്‍ക്കു സമീപം ഹരിജന്‍ കുട്ടികള്‍ക്കു താമസിക്കാനായി ഒരു ഹോസ്റ്റല്‍ ഉണ്ടായിരുന്നു.അവര്‍ക്കു കളിക്കാന്‍ ഒരു ഗ്രൗണ്ടും.വേനലവധിക്ക്‌ അവര്‍ എല്ലാം വീട്ടില്‍ പോകുമ്പോള്‍ സമീപവാസി കുട്ടികളുടെ സാമ്രാജ്യമായിത്തീരും ആ സ്ഥലങ്ങള്‍! അവിടെ ഞങ്ങള്‍ ക്രിക്കറ്റ്‌ പിച്ചൊരുക്കും. ഗ്രൗണ്ടിന്റെ രൂപഘടന നിമിത്തം ബാറ്റു ചെയ്യുമ്പോള്‍ ലെഗ്‌സൈഡില്‍ ഒരു തൊടിയായിരുന്നു. അവിടെക്കു ബോള്‍ പോയാല്‍ ലഭിക്കാന്‍ വിഷമമായതു കൊണ്ട്‌ ലെഗ്‌സൈഡില്‍ ഉയര്‍ത്തി അടിച്ചാല്‍ 'ഔട്ട്‌' എന്ന നിയമം വെച്ചു.[ഇതു കൊണ്ടുണ്ടായ ഒരു വലിയ ഗുണം ഞങ്ങള്‍ എല്ലാവരും നല്ല ഓഫ്‌സൈഡ്‌ പ്ലയേര്‍സ്‌ ആയി എന്നുള്ളതാണ്‌].

ഒരു ദിവസം കളിക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ബാബു അടിച്ച പന്ത്‌ തൊടിയില്‍ പോയി.മതിലു ചാടി അപ്പുറത്തു പോയ അവന്‍ പന്തിനു പുറമേ മതിലിനു പുറത്തൊട്ടിട്ടത്‌ ഒരു നിധിയായിരുന്നു.മണ്ണു പുരണ്ട നീളത്തിലുള്ള ഇരിമ്പു കഷ്‌ണം!സൂക്‌ഷിച്ചു നോക്കിയപ്പോള്‍ ഇലക്ട്രിസിറ്റി പോസ്‌റ്റില്‍ കുറുകെ വെയ്ക്കുന്ന ദണ്ഡ്‌.ഏതായാലും അവന്‍ അതില്‍ ഉടമസ്‌ഥവകാശം സ്‌ഥാപിച്ച്‌ ഉച്ചക്ക്‌ സാധനം താമ്പാള കടയില്‍ കൊടുക്കേണ്ട കാര്യം ആലോചന തുടങ്ങി.അവന്‍ കുറച്ച്‌ ഡീസന്റ്‌ പാര്‍ട്ടി ആയതു കൊണ്ട്‌ അങ്ങാടിയില്‍ കൂടി തമ്പാളം കൊണ്ടുപോകാന്‍ അവനൊരു മടി. ഞാന്‍ അവനെ ആ ഉദ്യമത്തില്‍ രണ്ടുര്‍പ്യക്ക്‌ സഹായിക്കാമെന്നേറ്റു.

അപ്പോഴാണ്‌ മോഹനേട്ടന്‍ അങ്ങാടിയില്‍ പോയി വരുന്ന വഴി ഹോസ്‌റ്റലില്‍ കയറിയത്‌.സംഗതികളുടെ കിടപ്പറിഞ്ഞ മോഹനെട്ടന്‍ ആദ്യം തൊടിയില്‍ ചാടി നോക്കി.ഒന്നും കിട്ടിയില്ല!അതിനു ശേഷം സാധനം കയ്യില്‍ വെച്ച്‌ ആയം വെച്ചു നോക്കിയപ്പോള്‍ ഒരു നാലുനാലര കിലോ ഭാരം മോഹനേട്ടനു തോന്നി. അതായതു ഇരുപതോളം രൂപ!മോഹനെട്ടന്‍ പെട്ടന്നു ബാബുവിനോടു പറഞ്ഞു. ബാബ്യോ ഇതു കൊണ്ടുപോയാ ചിലപ്പൊ ഒരു 10-12 ഉര്‍പ്യ കിട്ടും,ഒരു പത്തുര്‍പ്യക്ക്‌ എനിക്കു തരുണോ?വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌,രോഗി ഇച്ഛിച്ചതും പാല്‌. നഷ്ടം കമ്പൗണ്ടര്‍ക്കു മാത്രം! നടുക്കു നിന്ന എന്നെ ആവിയാക്കി അവര്‍ കച്ചവടം ഉറപ്പിച്ചു.അപ്പോള്‍തന്നെ മോഹനേട്ടന്‍ കൈയ്യിലുള്ള പത്തു രൂപ ബാബുവിനു കൊടുത്ത്‌ ഒരു ജേതാവിനെ പോലെ സാധനവുമായി സ്‌ഥലം വിട്ടു. നിരാശനായ എന്നെ ബാബു സിനിമക്കു കൊണ്ടുപോകാം എന്നു പറഞ്ഞ്‌ സമാശ്വാസിപ്പിച്ചു.

അന്നു മൂന്നാം പക്കം എന്ന ജയറാമിന്റെ സിനിമ കളിക്കുന്നുണ്ട്‌. ഉച്ചക്കു തന്നെ ഞാനും ബാബുവും മാറ്റിനിക്കു പോയി,മോഹനേട്ടന്‍ മനപ്പായസമുണ്ട്‌ താമ്പാളക്കടയിലേക്കും.അവിടെ വെച്ചാണ്‌ മോഹനേട്ടനൊട്‌ ആ ഞെട്ടിപ്പിക്കുന്ന സത്യം തമ്പാളക്കാരന്‍ പറയുന്നത്‌.

തമ്പാള: മോഹനാ ഇതു എടുക്കില്ലല്ലോ!
മോഹനേട്ടന്‍: എന്തേ?!
താമ്പാള : അതോ, ഇതു ഗവര്‍മെന്റു സാധനാ,ഇതു വിറ്റാ ഞങ്ങളെ പിടിക്കും.

മോഹനേട്ടനു ഭൂമി പിളരുന്നതു പോലെ തോന്നി,കണ്‍ട്രോളു വീണ്ടു കിട്ടിയപ്പോള്‍ അടുത്ത താമ്പാളക്കടയിലേക്കൊടി.അവരും ഇതുതന്നെ പറഞ്ഞു.ഞങ്ങള്‍ സിനിമയില്‍ ജയറാം മുങ്ങിച്ചാവുന്ന കാഴ്ച കണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും അതിനു സമാനമായ അവസ്ഥയിലായിരുന്നു.മോഹനേട്ടന്റെ ദയനീയ മുഖം കണ്ടു മനസ്സലിഞ്ഞ ഒരു താമ്പാളക്കാരന്‍ പറഞ്ഞു.നീ ഇതിന്റെ രൂപം ആകെ മാറ്റിക്കൊണ്ടു വന്നാല്‍ എടുക്കാം.

പിറ്റേന്നു രാവിലെ ഞങ്ങളുടെ ഭാഗത്ത്‌ പ്രഭാതം പൊട്ടിവിടര്‍ന്നത്‌ പക്ഷികളുടെ കളകൂജന ശബ്‌ദം കേട്ടിട്ടല്ലാ മറിച്ച്‌ ഇരിമ്പും ഇരിമ്പും കൂട്ടിമുട്ടുന്ന ഘോരശബ്‌ദം കേട്ടിട്ടായിരുന്നു!രാവിലെ കളിക്കാന്‍ വന്ന ഞാന്‍ മൊഹനേട്ടന്റെ വീട്ടിലേക്ക്‌ എത്തിനോക്കി. ആളെ കാണാത്തപ്പോള്‍ മോഹനേട്ടന്റെ അമ്മയോട്‌ ചോദിച്ചു. എവിടെ മോഹനേട്ടന്‍? മോഹനേട്ടന്‍!! ഒരു പുത്തന്‍ കോടാലിടെ വായ്‌ത്തലേണ്‌ ചെക്കന്‍ നശിപ്പിച്ചത്‌, ആ പിന്നാമ്പ്രത്തു പോയി നോക്ക്‌. അവര്‍ ആക്രൊശിച്ചു.ഞാന്‍ പിന്നിലേക്കു പോയി.

അവിടത്തെ കാഴ്ച ഒരു യുദ്ധക്കളത്തിനു സമാനമായിരുന്നു!! ഇരുമ്പു കഷ്ണം കുറുകെ വെച്ച്‌ കൂടം കൊണ്ട്‌ ആഞ്ഞാഞ്ഞടിക്കുന്ന മോഹനേട്ടന്‍! എന്നോടൊന്നും മിണ്ടുന്നില്ല, ഒരു പത്തു മിനിട്ടു കഴിഞ്ഞു ഇതു മാത്രം ചോദിച്ചു, എവിടെ ബാബു? ആ മുഖഭാവം കണ്ടപ്പോള്‍ ബാബുവിനെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ മോഹനേട്ടന്‍ ആ ദണ്‌ഡിനു പകരം കുറുകെ വെച്ചേനെ എന്നെനിക്കു തോന്നി. ആ ദേഷ്യം എന്നോടു കൂടി തോന്നുന്നതിനു മുന്‍പ്‌ അവിടെ നിന്നു സ്ഥലം വിട്ടു.

പക്ഷെ വൈകുന്നെരത്തവിടെ സന്ദര്‍ശിച്ചപ്പോള്‍ മോഹനേട്ടന്റെ അധ്വാനത്തിനു ഫലം കിട്ടിയെന്നു എനിക്കു മനസ്സിലായി, ഇരിമ്പു കഷ്ണം 'റ' പോലെ വളച്ചു വെച്ചിരിക്കുന്നു!മോഹനേട്ടനെ അഭിനന്ദിക്കാന്‍ നോക്കിയപ്പോളാണ്‌ അദ്ദേഹത്തിന്റെ മുതുകും അതു പോലെ വളഞ്ഞ അവസ്‌ഥയിലാണെന്നു ഞാന്‍ ശ്രദ്ധിച്ചത്‌!

ഏതായാലും പിറ്റേദിവസം തന്നെ മോഹനേട്ടന്‍ താമ്പാളക്കടയിലേക്കു പോയി,കടക്കാരന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ 6 രൂപ കൊടുത്തു.ധനനഷ്‌ടം,മാനനനഷ്‌ടം, ഒരു ദിവസത്തെ കായികാധ്വാനം വേറെ,ആകെ പരിക്ഷീണനായി താമ്പാളക്കടയില്‍ നിന്ന് മോഹനേട്ടന്‍ മടങ്ങിവന്ന കാഴ്ച എനിക്കിന്നും ഓര്‍മയുണ്ട്‌.

മൂന്നു മാസങ്ങള്‍ക്കു മുന്‍പ്‌ നാട്ടില്‍ പോയപ്പോള്‍ വീട്ടില്‍ 10-14 വയസ്സ്‌ പ്രായം വരുന്ന 2 കുട്ടികള്‍ തംബാളം ചോദിച്ചു വന്നു.വളരെ തുച്ഛമായ വിലകളാണവര്‍ പറഞ്ഞത്‌.അവര്‍ പറഞ്ഞ വിലക്ക്‌ ഞാന്‍ സാധനങ്ങള്‍ കൊടുത്തു.ഏന്നെ പറ്റിച്ച സന്തോഷത്തില്‍ അവര്‍ പോയി.എനിക്കെന്തോ ഞാന്‍ എനിക്കു തന്നെ പൈസ കൊടുത്ത അനുഭവമാണുണ്ടായത്‌! ഒരു പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ പറ്റിക്കപ്പെട്ടതില്‍ എനിക്കു സന്തോഷം തോന്നിയ അപൂര്‍വ സന്ദര്‍ഭം അതായിരിക്കാം..
--ചെമ്പകന്‍