Tuesday, August 26, 2008

ചക്ക ഉണര്‍ത്തിയ നൊസ്റ്റാള്‍ജിയ

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഇടക്കിടെ പാര്‍ട്ടി ഉണ്ടാവാറുണ്ട്. പോട്ട്ലോക്ക് എന്നാണ് അതിനെ അമേരിക്കക്കാര്‍ വിളിക്കാറുള്ള പേര്. അതായത് പാര്‍ട്ടിയിലെ ഐറ്റംസ് പങ്കെടുക്കുന്ന ആള്‍ക്കാര്‍ തന്നെ കൊണ്ടുവന്ന്‍ ഷെയര്‍ ചെയ്തു കഴിക്കുന്ന പരിപാടി. പൊതുവെ എനിക്കീ അമേരിക്കന്‍ ഫുഡ് അത്ര പഥ്യമല്ല . അതുകൊണ്ട് ഞാന്‍ അന്തസ്സായിട്ട് അടുത്തുള്ള ഇന്ത്യന്‍ ഷോപ്പില്‍ നിന്ന്‍ നമുക്കാവശ്യമുള്ള ലഡ്ഡു ,ജിലേബി , പൊക്കവട എന്നിത്യാദി സാധനങ്ങള്‍ വാങ്ങുകയും പാര്‍ട്ടിക്കിടയില്‍ അതുതന്നെ ശാപ്പിടുകയും ചെയ്യും. അപ്പൊ നമ്മള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന പേരുമായി ;ഇഷ്ടമുള്ളതു കഴിക്കുകയും ചെയ്യാം .. എങ്ങനെയുണ്ട് ഐഡിയ ?

കഴിഞ്ഞ ദിവസം പാര്‍ട്ടി നടക്കുമ്പോള്‍ എന്റെ രണ്ടു വയസ്സുകാരന്‍ മകനു കൊടുക്കാനായി ഞാന്‍ കുറച്ചു ബിസ്കറ്റ് എടുത്തു പോക്കറ്റിലിട്ടു. ഇതു കണ്ട മാനേജര്‍ ചോദിച്ചു ;
മകനെ ഓര്‍മ്മിച്ച്ചല്ലേ!
ഞാന്‍ പറഞ്ഞു , അല്ല , ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ് .
സത്യത്തില്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയ വാക്കുകള്‍ ആയിരുന്നു അവ. പറഞ്ഞതിനു ശേഷമാണു ഞാന്‍ എന്തേ അങ്ങിനെ പറഞ്ഞു എന്നു ഗഹനമായി ആലോചിച്ചു നോക്കിയത് .

സ്കൂള്‍ ടീച്ചറായിരുന്ന എന്റെ അമ്മ വല്ലപ്പോഴും സ്കൂളില്‍ നടക്കുന്ന ടീ പാര്‍ട്ടിയിലെ പങ്ക് അങ്ങിനെ തന്നെ പൊതിഞ്ഞു കൊണ്ടു വരുകയും ഞാനും എന്റെ അനുജത്തിയും കൊണ്ടുവന്ന ആളിനോട്‌ ഒരു പൊട്ടു വേണോ എന്നു പോലും ചോദിയ്ക്കാതെ കാലിയാക്കുകയും ചെയ്യുമായിരുന്നു.

ഓര്‍മ്മകള്‍ വല്ലാതെ തികട്ടി വന്നപ്പോള്‍ ഞാന്‍ അന്നു‌ രാത്രി അമ്മയെ വിളിച്ചു.ഈ സംഭവം പറഞ്ഞപ്പോള്‍ എന്തോ അമ്മ പെട്ടന്നു കരഞ്ഞു. എനിക്കും വിഷമമായി.പക്ഷേ അതേസമയം മനസ്സില്‍ നിന്നു മനസ്സിലേക്ക് സ്നേഹത്തിന്റെ തരംഗങ്ങള്‍ സഞ്ചരിച്ച മനോഹരമായ നിമിഷങ്ങള്‍ കൂടിയായിരുന്നു അത് .

ഞങ്ങള്‍ ഇത്ര അകലെയായിരുന്നിട്ടു കൂടി അമ്മയുടെ വളരെ അടുത്തിരിക്കുന്ന പ്രതീതി എനിക്കുണ്ടായി ; അല്ലെങ്കിലും മനസ്സുകള്‍ തമ്മിലുള്ള ദൂരമാണല്ലോ ഏറ്റവും വലിയ ദൂരം. ഏതായാലും പിന്നീടു മകനെ ലാളിക്കാറുള്ള സമയത്തു എന്നെയും ഇതുപോലെ നോക്കിയിട്ടുണ്ടാവില്ലേ എന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാന്‍ ഈ സംഭവം പ്രേരണയായി.

നമ്മുടെ മനസ്സില്‍ ഗൃഹാതുരത്വസ്മരണകളുണര്ത്താന് ബന്ധുക്കളെ ക്കുറിച്ച് മാത്രം ചിന്തിക്കണമെന്നില്ല. ഉദാഹരണത്തിനു ഈയിടെ സുപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചപ്പോള്‍ അപൂര്‍വമായി മാത്രം ഇവിടെ ലഭിക്കുന്ന ചക്ക കാണുവാനിടയായി. കണ്ട മാത്രയില്‍ തന്നെ മകന്‍ ചോദിച്ചു ; 'ഇതെന്താ സാനം' . കുട്ടിക്കാലത്തു നിന്റെ പപ്പ ഏറ്റവുമധികം തിന്നു കൂട്ടിയ സാധനമാണു മോനേ ഈ ചക്ക എന്നാ രണ്ടു വയസ്സിന്റെ ബുദ്ധിയില്‍ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും!

പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല , ഇവനെ ചക്ക തീറ്റിപ്പിച്ചു തന്നെ വേറെ കാര്യം.ഉടനെ വാങ്ങി ബില്ലു പേ ചെയ്തു.ചക്ക ചുമന്നു കാറിലേക്കു നടക്കുമ്പോള്‍ വെറുതേ ഒരാപത്ശങ്ക; എവിടെയോ എന്തോ പിഴച്ചിട്ടില്ലേ ? ഹേയ് തോന്നിയതാവും..
പക്ഷേ കാര്‍ ഓടിക്കുംപോളും മനസ്സില്‍ അതേ ചിന്ത . വെറുതേ ബില്‍ എടുത്തു നോക്കി ; ഞെട്ടിപ്പോയി!

ചക്കയുടെ നേര്‍ക്കു എഴുതി വെച്ചിരിക്കുന്നു മുപ്പത്തഞ്ചു ഡോളര്‍ ! കാറ്‌ സൈഡാക്കി. അല്ലെങ്കിലും സമനില തെറ്റിയാല്‍ പിന്നെ വണ്ടിയോടിക്കരുത് . ഭഗവാനേ ഇതു കൊണ്ടെങ്ങിനെ വീട്ടില്‍ ചെല്ലും? അല്ലെന്കിലെ എന്നെ തനിയെ ഷോപ്പിങ്ങിനു വിടാന്‍ ഭാര്യക്ക്‌ തീരെ താത്പര്യം ഇല്ല; ഇനി 1500 രൂപ കൊടുത്ത് ഒരു ചക്കയും വാങ്ങി അവളുടെ മുന്നില്‍ ചെന്നു പെടുന്ന കാര്യം ആലോചിക്കാന്‍ കൂടി വയ്യ. വാങ്ങുന്ന സമയത്തു ഒരു ചക്കക്കെന്തു വില വരാനാ എന്നു മാത്രമേ ചിന്തിച്ചുള്ളൂ.ആള്‍ക്കാര്‍ കഷണം കഷണമായി വാങ്ങിയതിന്റെ പൊരുള്‍ ഇപ്പളല്ലേ പിടി കിട്ടിയത്. ഇനിയിപ്പോള്‍ റോഡില്‍ ചിന്തിച്ചിരുന്നിട്ടെന്താ പ്രയോജനം ; പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ , ഒരു കാര്യം ചെയ്യാം. വില നേരെ പകുതിയാക്കാം.

വീട്ടിലെത്തി ; എടീ ഒരപൂര്‍വ സാധനം കിട്ടിയിട്ടുണ്ട് ; ചക്ക കണ്ടപാടെ ഭാര്യയുടെ മുഖത്തു സൂര്യനുദിക്കുകയും വില കേട്ടപ്പോള്‍ അസ്തമിക്കുകയും ചെയ്തു . നിങ്ങളുടെ തലക്ക് ഒന്നും പറ്റീട്ടില്ലാലോ , 800 ഉറുപ്പികക്ക് ചുമന്നു കൊണ്ടു വന്നിരിക്യാണ് ഒരു ചക്ക! ഇതായിരുന്നു അവളുടെ ആദ്യ പ്രതികരണം. അതു‌ പ്രതീക്ഷിച്ചതായത് കൊണ്ട് എനിക്ക് പത്യെകിച്ച്ചോന്നും തോന്നിയില്ല . അല്ലെങ്കില്‍ത്തന്നെ എത്ര കേട്ടിരിക്കുന്നു!

പക്ഷേ എന്താ , എല്ലാവരും കയ്യില്‍ എണ്ണ തേച്ചു ചക്കക്കു മുന്നിളിരുന്നപ്പോളേ എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ വന്നു. അല്ലെങ്കിലും കുടുംബാംഗങ്ങളെ ഒരുമിച്ചു വട്ടത്തിലിരുത്താന് ചക്കക്കുള്ളത്ര വിരുത് വേറെ ഒരു പഴത്തിനുമില്ല. ആദ്യത്തെ വെട്ടു വെട്ടിയശേഷം ഞാന്‍ പറഞ്ഞു . നമ്മള്‍ ഒരു മത്സരമല്ല ഉദ്ദേശിക്കുന്നത് ,അതുകൊണ്ട് ചുള ഒക്കെ ഒരു മോഹത്തിന് മാത്രം തിന്നാല്‍ മതി ;നമ്മുടെ എല്ലാ ചക്ക മോഹങ്ങളും ഇതുകൊണ്ടു തീര്ക്കാനുള്ളതാണു . അപ്പോള്‍ ഭാര്യ പറയുകയാണ്; ഇതു ഞാന്‍ നിങ്ങളോട് പറയാനിരുന്നതാണ്,ആദ്യം സൂക്ഷിക്കേണ്ടത് നിങ്ങള് തന്നേണ് എന്ന്.ഇങ്ങനെ തര്‍ക്കുത്തരം പറയുന്ന ഒരു ഭാര്യ!

ഏതായാലും അടുത്ത രണ്ടു ദിവസങ്ങളില്‍ വെറും ചക്ക തിന്നതിന് പുറമെ ചക്കക്കുരു ഉപ്പേരി,ചക്ക പ്രഥമന്‍ എന്നിങ്ങനെയുള്ള വിഭവങ്ങളും വെച്ചുകൊണ്ട് ചക്കയെ ഞങ്ങള്‍ പരമാവധി മുതലാക്കി. അവസാനം കുറച്ചു ചകിണി മാത്രം ബാക്കി വന്നു .

അതേയ് , ഈ ചകിണി എന്താ ചെയ്യാ ? ഞാന്‍ ഭാര്യയോടു ചോദിച്ചു .
"നമ്മുടെ നാട്ടിലാണെങ്കില്‍ പശുവിനു കൊടുക്കാണ് പതിവ് ; പക്ഷേ ഇതിനി പശു പോലും തിന്നുമെന്നു തോന്നിണില്ലാ , അത്രത്തോളം ചുരണ്ടി എടുത്തിരിക്കുണൂ..."
"അല്ലാ പശുവിനു തിന്നാച്ച്ച്ചാ ; ഞാന്‍ അര്‍ദ്ധോക്തിയിയില്‍ നിറുത്തി .
ഭാര്യ ഒരു നിമിഷം എന്നെ ഉറ്റുനോക്കി . പിന്നെ പൊട്ടിച്ചിരിച്ചു .

യഥാര്‍ത്ഥ വില അറിഞ്ഞിരുന്നെങ്കില്‍ ഇവളീ ചോദ്യം എന്നോടു‌ ചോദിച്ചേനെ എന്നുറപ്പുള്ളതുകൊണ്ട് ഞാനും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. പശ്ചാത്തലത്തില്‍ ഒരു മനോഹരമായ സിനിമാ ഗാനം മുഴങ്ങി .

" ചക്കപ്പഴം ഒന്നൊന്നായി മുറ്റത്തെങ്ങും
മേലെ പ്ലാവില്‍ നിന്നും പോഴിഞ്ഞല്ലോ "