Monday, August 01, 2011

രാവിനു മായിക ഭാവം

ക്ലാസ്മേറ്റ്സ് എന്ന സിനിമ റിലീസ് ചെയ്ത കാലം.ചാനലുകള്‍ മുഴുവന്‍ അതു സംബന്ധിച്ചുള്ള അഭിമുഖങ്ങള്‍ നടക്കുകയാണ്. മലയാള സിനിമയില്‍ കാല്പനിക കാലം തിരിച്ചു വന്നിരിക്കുന്നു എന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ നിറയേ. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന എന്റെ ഭാര്യ പെട്ടെന്നൊരു ചോദ്യം ചോദിച്ചു; എന്താണീ കാല്പനികത എന്നു വെച്ചാല്‍?

അന്ന് ഞങ്ങളുടെ കല്യാണം കഴിഞ്ഞു അധികകാലമായിട്ടില്ല.അവള്‍ മദ്രാസില്‍ പഠിച്ചുവളര്ന്നതുകൊണ്ട് കക്ഷിക്ക് മലയാളത്തില്‍ വലിയ സ്വാധീനം പോര; മറിച്ചു എനിക്ക് നല്ല അവഗാഹം ഉണ്ടെന്നായിരുന്നു അവളുടെ വിലയിരുത്തല്‍.

ഞാന്‍ ചിന്താകുഴപ്പത്തിലായി, കാല്പനികത എങ്ങനെ വിശദീകരിക്കും!

ഉദാഹരണത്തിന് ഗവ:വിക്ടോറിയ കോളേജ് ഗ്രൌണ്ടിന്റെ ഏകദേശം നടുവിലായി ഒരു മരം പന്തലിച്ചു നില്‍ക്കുന്നുണ്ട്. പണ്ട് ക്രിക്കറ്റ് ഭ്രാന്തനായ ഒരു ഫ്രണ്ട്‌ എന്നോട് പറഞ്ഞു; “ഈ മരം അങ്ങിട്ട് വെട്ടീച്ച്ചാല് രണ്ടാമതൊരു ഗ്രൌണ്ട് കൂടി ഉണ്ടാക്കാരുന്നൂല്ലേ” എനിക്കു പക്ഷേ യോജിക്കാന്‍ സാധിച്ചില്ല. മൈതാനമധ്യത്തില്‍ ഏകാകിയായ ആ വൃക്ഷതാപസന്‍ എത്ര കവിഹൃദയങ്ങളെ പ്രചോദിപ്പിച്ചിരിക്കാം.

ഭാവം മനസ്സിലാണ് ഉണരേണ്ടത്. ഭക്തിയില്ലെന്കില്‍ ശിലാജന്യമായ വിഗ്രഹത്തിനെന്തു പ്രസക്തിയാണുള്ളത്.

പഠിക്കുന്ന കാലത്ത് ചില തീവ്രാഭിലാഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എനിക്കു കാര്യമാത്രപ്രസക്തമായ പ്രണയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും ആ കാലങ്ങളില്‍ ഞങ്ങള്‍ വളരെ പ്രായോഗികമതികള്‍ ആയിരുന്നു.

കോളേജില്‍ പോകുന്ന വഴിക്കെങ്ങാനും മോഹനെട്ടനെ കണ്ടാല്‍ ഉടന്‍ മൂപ്പര്‍ പറയും; “എല്ലാം നോക്കീം കണ്ടുക്കെ നടക്കണം ട്ടോ”. ഒരു വല്യേട്ടന്‍ നല്‍കുന്ന സ്നേഹോപദേശമായേ കേള്‍ക്കുന്നവര്‍ക്കു തോന്നുകയുള്ളൂ. പക്ഷേ ഞങ്ങള്‍ക്കിതൊരു കോഡ് ഭാഷയായിരുന്നു. അതായത്‌ ഒരു കോളേജാവുമ്പോള്‍ എപ്പോഴും എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ സാധാരണമാണല്ലോ, ഈ പണിസ്ഥലങ്ങളില്‍ അവശേഷിക്കുന്ന കമ്പികഷ്ണങ്ങള്‍ എല്ലാം നോക്കി വെക്കുക;അവധി ദിവസങ്ങളില്‍ വന്നത് ചൂണ്ടി താംബാളമാക്കുക. ഇതായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന രീതി. മോഹനേട്ടന്‍ അപ്പുറത്തു പാരലല്‍ കോളേജിലായിരുന്നതു കൊണ്ട്‌ നോക്കുജോലി എന്നെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.ഞാനത് സ്തുത്യര്‍ഹമായി നിറവേറ്റിപ്പോന്നു. ഇപ്പോഴും ദാ ഈ അമേരിക്കയിലും അപൂര്‍വമായെങ്കിലും ഒരു താംബാളം വഴിയില്‍ കിടക്കുന്നത് കണ്ടാല്‍ ഒരു വിങ്ങലാണ് ആ ദിവസം മനസ്സിന്.

അങ്ങിനെയിരിക്കെയാണ് കോളേജില്‍ ഒരു പുതിയ ലൈബ്രറി കെട്ടിടം പണിയുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്.മഴക്കാറു കണ്ട മയില്‍പ്പേടകള്‍ പോലെ ഞങ്ങള്‍ ആഹ്ലാദിച്ചു ഈ വാര്‍ത്ത കേട്ട്. മുപ്പതു രൂപ സംഭാവന കൊടുക്കാന്‍ പല വിദ്യാര്‍ത്ഥികള്‍ക്കും മടിയായിരുന്നു. എനിക്കു പക്ഷേ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുമില്ലെങ്കിലും ഒരു നല്ല കാര്യത്തിനല്ലേ.

കെട്ടിടം പണി തുടങ്ങി. ഈ കാര്‍പെന്റ്രി, വെല്‍ഡിംഗ് തുടങ്ങിയവയുടെ പ്രധാന ലൊക്കേഷന്‍ പെണ്‍കുട്ടികളുടെ വെയ്റ്റിങ്റൂമിനടുത്തായിരുന്നു.സാധാരണ ആണ്‍കുട്ടികള്‍ സൊള്ളാന്‍ അവിടെ തമ്പടിക്കാറുണ്ട്. ഇടയ്ക്കിടെ അവിടം സന്ദര്‍ശിക്കുമ്പോള്‍ ആള്‍ക്കാരുടെ വിചാരം ഞാന്‍ പെണ്‍കുട്ടികളെ കാണാന്‍ പോവുകയെന്നാണ്. ഒരര്‍ത്ഥത്തില്‍ ശരിയാണ്. ഞാന്‍ പോകുന്നത് കമ്പിക്ക്,മറ്റുള്ളവര്‍ പോകുന്നതും അതിനു തന്നെ, പക്ഷേ രണ്ടും തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ടെന്നു മാത്രം.

അങ്ങിനെ ഒരു ശനിയാഴ്‌ച്ച രാവിലെ നോക്കിവെച്ച കമ്പികള്‍ എടുക്കാന്‍ ഞങ്ങള്‍ പോയി. മോഹനേട്ടന്‍ പരിസരനിരീക്ഷണം നടത്താനായി അല്പം അകലെ മാറി നില്ക്കുകയാണ്. ഞാന്‍ സമയം കളയാതെ കമ്പികള്‍ പെറുക്കി ബാഗിലിട്ടു തുടങ്ങി. അല്പസമയം കഴിഞ്ഞിരിക്കണം, ആരുടെയോ അടക്കിയ സംസാരം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കാഴ്ച കണ്ടു. തൂണ് മറഞ്ഞിരുന്നു സല്ലപിക്കുകയാണ് രണ്ടു ഇണക്കിളികള്‍.

അതിലെ പെണ്‍കിളിയെ കണ്ടു ഞാന്‍ ഞെട്ടി. സ്ക്കൂളില്‍ എന്റെ ജൂനിയര്‍ ആയിരുന്ന, ആള്‍ക്കൂട്ടത്തിനിടയില്‍ ഗൂഡമായി എന്നെ ശ്രദ്ധിച്ചിരുന്ന,എന്നെങ്കിലും ഞാന്‍ എന്റെ പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടി. എന്‍റെ സ്വപ്നങ്ങളില്‍ അവളുണ്ടായിരുന്നു.

ഒരു മാത്ര കഴിഞ്ഞപ്പോള്‍ അവരെന്നെയും കണ്ടു, എന്‍റെ അതേ ഞെട്ടല്‍ ആ പെണ്കുട്ടിയിലും പ്രകടമായി. പെട്ടെന്നവള്‍ അകത്തേക്ക് പോയി.

തിരിഞ്ഞുനടക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം എന്നെ ഗ്രസിച്ചു.അന്ന് വിറ്റ താംബാളം പോലും എനിക്കു സന്തോഷമേകിയില്ല. ദിവസങ്ങളോളം ആ കാഴ്ച എന്നെ പിന്തുടര്‍ന്നിരുന്നു.

ഇത്രയുമായപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. അപ്പോഴും ഉത്തരം പ്രതീക്ഷിച്ചു നില്‍ക്കുന്ന ഭാര്യയോടു പറഞ്ഞു.

“മോളെ , കാല്പനിക ഭാവമാണ് ,രൂപമല്ല. രൂപത്തെ നമുക്ക് നിര്‍വചിക്കാം, ഭാവം അനുഭവിക്കാനുള്ളതാണ്; നിര്‍വചിക്കാന്‍ ഞാന്‍ അശക്തനാണ്”

പറഞ്ഞത് മുഴുവന്‍ ഉള്‍ക്കൊള്ളാതെ അവളെന്നെ ഉറ്റുനോക്കി. ആ കണ്ണുകളിലേക്ക് നോക്കിനോക്കി ഞാനവളുടെ കരങ്ങള്‍ ഗ്രഹിച്ചു. എന്നിട്ടു പറഞ്ഞു. അല്ലെങ്കില്‍ നമുക്കതിനെ ഇങ്ങനെ സംഗ്രഹിക്കാം ..

“ഋതുഭേദ കല്പന , ചാരുത നല്‍കിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണക്കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണിച്ചില്ലയില്‍
കവിതേ പൂവായ്‌ നീ വിരിഞ്ഞൂ”

പുറത്തപ്പോള്‍ നിലാവു പെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ ജാലകങ്ങള്‍ തുറന്നിട്ടു.